കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട്ടും സംഘർഷം. ഒഴിഞ്ഞവളപ്പിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകന്റെ ബുള്ളറ്റിന് തീയിട്ടു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഒഴിഞ്ഞവളപ്പിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ശുഹൈബ് സ്മാരക ബസ് ഷെൽട്ടർ തകർക്കുകയും കോൺഗ്രസ്സിന്റെ കൊടിമരങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇത് ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു.
സംഭവത്തിൽ സി.പി.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ഒഴിഞ്ഞവളപ്പിലെ അഖിൽ (26), യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടി.കെ. മുനീർ (32), ഒ.വി ബിജു (38) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന്റെ തുടർച്ചയെന്നോണം ഇന്നലെ പുലർച്ചെ ഒഴിഞ്ഞവളപ്പിലെ ബിജുവിന്റെ ബന്ധു കളത്തിൽ അമ്പാടിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബിജുവിന്റെ ബുള്ളറ്റ് അഗ്നിക്കിരയാക്കി. അമ്പാടിയുടെ വീട്ടിൽ കാറടക്കം മറ്റു വാഹനങ്ങൾക്കിടയിൽ നിർത്തിയിട്ട ബുള്ളറ്റ് തള്ളിമാറ്റി പറമ്പിലെത്തിച്ചാണ് തീവെച്ചത്. ശബ്ദംകേട്ട് ഉണർന്ന വീട്ടുകാരാണ് തീയണച്ചത്. ഹോസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. കവ്വായിയിൽ ഇ.എം.എസ് സാംസ്കാരികവേദിയുടെ ബോർഡുകൾ കഴിഞ്ഞ രാത്രി നശിപ്പിക്കപ്പെട്ടു. ഇതു സംബന്ധിച്ച് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.