കൊച്ചി: ഹോളിവുഡ് സൂപ്പർ താരം ചാഡ്വിക് ബോസ്മാന്റെ മരണത്തിന് കാരണമായ കുടൽ കാൻസർ വർദ്ധിച്ചുവരുന്നത് യുവാക്കൾക്ക് മുന്നറിയിപ്പെന്ന് ആരോഗ്യ വിദഗ്ദ്ധർ. രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിലെ കാലതാമസമാണ് ചാഡ്വിക്കിന്റെ മരണത്തിന് വഴിതെളിച്ചത്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കുടൽ കാൻസർ നേരത്തെ കണ്ടെത്തുകയാണ് പ്രധാനമെന്ന് വിദഗ്ദ്ധർ പറയുന്നു.
2016 ൽ 39 ാം വയസിലാണ് ചാഡ്വിക് ബോസ്മാന് കുടൽ കാൻസർ സ്ഥിരീകരിച്ചത്. രോഗം മൂന്നാം ഘട്ടത്തിൽ എത്തിയിരുന്നു അപ്പോൾ. ഏറെക്കാലും രോഗവിവരം മറച്ചുവച്ചാണ് അദ്ദേഹം ചികിത്സ നേടിയത്. കണ്ടെത്താൻ വൈകിയതാണ് ചാഡ്വിക്കിന്റെ മരണത്തിന് കാരണമെന്ന് വിശഗ്ദ്ധർ പറയുന്നു.2018 ൽ സൂപ്പർ ഹിറ്റായ ബ്ളാക്ക് പാന്തർ എന്ന സിനിമയാണ് ചാഡ്വിക്കിനെ ഏറ്റവു പ്രശസ്തനാക്കിയത്. കറുത്ത വർഗക്കാർക്ക് വേണ്ടി പോരാടുന്ന കിംഗ് ടി ചല്ല എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഫോർട്ടി ടു., ഗെറ്റ് ഓൺ അപ്, മാർഷൽ, യു.എസ് സുപ്രീം കോർട്ട് തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.
ഭക്ഷണരീതികൾ വില്ലനാകും
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കണക്കുപ്രകാരം 36,247 പേർക്കാണ് കുടൽ കാൻസർ ഈവർഷം സ്ഥിരീകരിച്ചത്. 36,900 പേർക്ക് മലാശയ കാൻസറും കണ്ടെത്തി. ഭക്ഷണരീതികൾ കാരണമാകുന്ന രോഗത്തെ ഇന്ത്യൻ യുവാക്കൾ ശ്രദ്ധിക്കേണ്ടതാണെന്ന് ഡോക്ടർമാർ പറയുന്നു. നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. ലക്ഷണങ്ങൾ കണ്ടാൽ പരിശോധനക്ക് വിധേയമാകുകയാണ് പ്രധാനം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
മലാശയത്തിൽ നിന്നുള്ള രക്തസ്രാവം
മലവിസർജ്ജനരീതിയിലെ മാറ്റങ്ങൾ
മലം രക്തം കലർന്നുപോകുക
ശരീരഭാരം ഗണ്യമായി കുറയുക
ശക്തമായ വയറുവേദന
കരുതൽ വേണം
അമിതവണ്ണം, അമിതഭാരം, വ്യായാമമില്ലാത്ത ജീവിതം, ഉദാസീനത, തെറ്റായ ഭക്ഷണക്രമം തുടങ്ങിയവ കുടൽ കാൻസറിന് കാരണമാണ്. കുടുംബത്തിൽ മുമ്പ് ആർക്കെങ്കിലും രോഗം വന്നതും കാരണമാകാം. നേരത്തെ രോഗം കണ്ടെത്തുകയും ചികിത്സ തേടുകയുമാണ് പ്രധാനം.
ഡോ. സി.എൻ. മോഹനൻനാർ
ഓങ്കോളജിസ്റ്റ്
സ്പെഷ്യലിസ്റ്റ്സ് ആശുപത്രി