കൊച്ചി: പുതിയ കെട്ടിടം പൂർത്തിയാകുന്നതിനൊപ്പം ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് കൊച്ചി കാൻസർ സെന്റർ നടപടി ആരംഭിച്ചു. കാൻസർ ചികിത്സയിൽ പ്രധാനമായ ലിനാക് മെഷീൻ വാങ്ങാൻ ടെൻഡർ നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. കാൻസർ സെന്ററിലേക്ക് ഉപകരണങ്ങൾ വാങ്ങാനും ഇലക്ട്രിക്കൽ ജോലികൾ നടത്തുന്നതിനും ടെൻഡർ നടപടികൾ വൈകുന്നത് കഴിഞ്ഞ 27 ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
റേഡിയേഷൻ ചികിത്സക്ക് ആവശ്യമായ ലീനിയർ ആക്സിലേറ്റർ മെഷിൻ (ലിനാക് ) വാങ്ങുന്നതിന് നടപടി ആരംഭിച്ചതായി സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് അറിയിച്ചു. ലിനാക് വാങ്ങാൻ ടെൻഡർ വിളിച്ചു. നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. ടെൻഡൽ നൽകിയാൽ ആറു മാസത്തിനകം മെഷീൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ലിനാക് മെഷീൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യണം. അമേരിക്ക, ഇംഗ്ളണ്ട് എന്നിവിടങ്ങളിലെ കമ്പനികളാണ് ലിനാക് നിർമ്മിക്കുന്നത്. ഇന്ത്യയിലെ വിതരണ ഏജൻസികൾ ടെൻഡർ സ്വീകരിച്ച് എത്തിച്ചു നൽകും.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴിയാണ് ലിനാക് വാങ്ങുന്നത്. കോർപ്പറേഷൻ നടപടികൾ വൈകിപ്പിക്കുന്നതായി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവർക്ക് കത്ത് നൽകിയിരുന്നു.കാൻസർ രോഗം സ്ഥിരീകരിക്കുന്നവർക്ക് റേഡിയേഷൻ ചികിത്സ നൽകുന്ന ഏറ്റവും മികച്ച സംവിധാനമാണ് ലിനാക്. റേഡിയേഷൻ പ്രസരണമുള്ളതിനാൽ ഇതിന് പ്രത്യേക കെട്ടിടം ആവശ്യമാണ്. റേഡിയേഷൻ തടയുന്ന സംവിധാനങ്ങളോടെ വേണം കെട്ടിടം നിർമ്മിക്കാൻ. കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചാണ് മെഷീൻ സ്ഥാപിക്കാൻ മുറി നിർമ്മിക്കുക. റേഡിയേഷൻ പുറത്തേക്ക് പോകാത്ത വിധത്തിലാണ് സംവിധാനം ഒരുക്കുക.
ജനറൽ ആശുപത്രിക്ക് സ്വന്തം
എറണാകുളം ജനറൽ ആശുപത്രിയിൽ ലിനാക് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. പി. രാജീവ് എം.പിയായിരുന്ന കാലത്ത് അനുവദിച്ച ഫണ്ടുൾപ്പെടെ ഉപയോഗിച്ചാണ് മെഷീൻ വാങ്ങിയത്. കോടികൾ വിലമതിക്കുന്ന മെഷീന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ എം.പിമാരും വിഹിതം അനുവദിച്ചിരുന്നു.
പുതിയ പ്രതീക്ഷകൾ
കാൻസർ സെന്റർ കെട്ടിടത്തിന്റെ നിർമ്മാണം ഈവർഷം തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചരുന്നു. കിഫ്ബി ധനസഹായം നൽകുന്ന പദ്ധതികളിൽ പ്രധാനവുമാണ് കാൻസർ സെന്റർ.ലോക്ക് ഡൗൺ കാലത്ത് മന്ദഗതിയിലായ കെട്ടിടനിർമ്മാണത്തിന് കൂടുതൽ വേഗത കൈവരിച്ചിട്ടുണ്ട്. 350 ഓളം അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. നിർമ്മാണം കൂടുതൽ വേഗതയിൽ നടത്തുമെന്ന് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ഇൻകെൽ അധികൃതരും പറഞ്ഞു.