ഓച്ചിറ: അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച ശേഷം ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച ഗുണ്ടാസംഘത്തിൽ പെട്ട 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഓച്ചിറ പായിക്കുഴി മോഴൂർതറയിൽ പ്യാരി (23), വലിയകുളങ്ങര വിത്രോളിൽതറയിൽ ജിതിൻരാജ് (21), കൃഷ്ണപുരം കുന്ന്തറയിൽ കാക്കഷാൻ എന്നുവിളിക്കുന്ന ഷാൻ (21), പായിക്കുഴി മീനാക്ഷി ഭവനത്തിൽ അജയ് (19) എന്നിവരാണ് പൊലീസ് പിടിയിലായത്. ദേശീയപാതയിൽ അച്ഛനെയും മകനെയും തടഞ്ഞുനിർത്തി വെട്ടിപരിക്കേൽപ്പിച്ച് പണം അപഹരിച്ചതും അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതും ഉൾപ്പെടെ നിരവധി കേസുകളിൽ ഇവർ പ്രതികളാണ്. വലിയകുളങ്ങര മണലാടി ജംഗ്ഷനിൽ ലൈറ്റ്ലാന്റ് സ്കൂളിന് സമീപം വെച്ച് അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത കണ്ണൂർ, വടകര മുഖച്ചേരിഭാഗം പുതിയപുരയിൽ വീട്ടിൽ ശ്യാം ശശിധരനെ (36) ബിയറുകുപ്പിക്ക് തലക്കടിച്ച് സാരമായി പരിക്കേൽപ്പിതാണ് കേസ്. ശ്യാം ശശിധരൻ വലിയകുളങ്ങരയിലുള്ള ബന്ധുവീട്ടിൽ എത്തിയതാണ്. ഇവിടെയുള്ള പണിതീരാതെ ഉപേക്ഷിക്കപ്പെട്ട വില്ലകൾ മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും കേന്ദ്രമാണ്. . ഓച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. പ്രകാശിന്റെ നേൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഞക്കനാലുള്ള ഒളിസങ്കേതത്തിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.