ടോക്കിയോ: വിഷമുണ്ട് എന്നറിഞ്ഞാൽ ആ ഭാഗത്തേക്ക് നോക്കാൻ പോലും പലരും മടിക്കും. എന്നാൽ, മരിക്കും എന്നുറപ്പായിട്ടും അതിനെത്തന്നെ ഭക്ഷണമാക്കി തീൻമേശയിൽ വിളമ്പുന്നവരാണ് ജപ്പാൻകാർ. അവരുടെ ഏറ്റവും വിലയേറിയ ഭക്ഷണമായ ഫ്യുഗു ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് പഫർ ഫിഷ് അഥവാ ബ്ളോ ഫിഷുകളെയാണ്. ഒരു സമയം 30 മനുഷ്യരെ കൊല്ലാൻ ശേഷിയുള്ള വിഷവുമായി നടക്കുന്ന കുഞ്ഞൻ മത്സ്യമാണ് പഫർ ഫിഷ്. ഇവയെ പിടിച്ച് തോല് പൊളിച്ച് മാംസമെടുത്ത് ആവിയിൽ വേകിച്ചാൽ ഫ്യുഗു തയാറായി. ഫ്യുഗുവിന് കൂട്ടായി ഇത്തിരി മഷ്റൂമും സോസുമുണ്ടെങ്കിൽ സംഗതി കുശാൽ. കൊല്ലാൻ വരുന്നവനെ കൊന്നു തിന്നുന്നത് രസകരമെന്നാണ് ഫ്യുഗുവിനെക്കുറിച്ച് ഒരു സഞ്ചാരി കുറിച്ചിട്ടത്. ഇന്ത്യൻ റുപ്പിക 14,875 രൂപ എണ്ണി വച്ചാൽ മാത്രമേ ഫ്യുഗു നമ്മുടെ പ്ളേറ്റിലെത്തൂ. ഇവയുടെ വിഷം നിറഞ്ഞ തോൽ എടുത്തു മാറ്റുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച കുക്കുകളുണ്ട്. സയനൈഡിനെക്കാൾ 1200 മടങ്ങ് കൂടുതൽ വിഷമുള്ളതാണ് ഈ മത്സ്യത്തിന്.
പഫർഫിഷ്
നൂറ്റിരുപതോളം വ്യത്യസ്തയിനം മത്സ്യങ്ങളുള്ള 'ടെട്രോഡോണ്‍റ്റിഡേ' കുടുംബത്തിൽപ്പെടുന്ന പഫര്‍ഫിഷ് ഉഷ്ണമേഖലകളിലെ സമുദ്രത്തിലാണ് കാണപ്പെടുന്നത്.
മറ്റുള്ള ജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി ഇവയുടെ ചർമത്തിൽ ഒരിഞ്ചു മുതല്‍ രണ്ടടി വരെ നീളമുള്ള മുള്ളുകളുണ്ട്. മാംസഭോജികളാണ് പഫർഫിഷുകൾ.
ഇവയുടെ ശരീരത്തിൽ ടെട്രോഡോടോക്സിൻ എന്ന ന്യൂറോടോക്സിൻ വിഷമാണ് അടങ്ങിയിരിക്കുന്നത്. ഇവയുടെ കരൾ, ഗോണാഡുകൾ, ചർമ്മം എന്നിവയിൽ കാണപ്പെടുന്ന ഈ വിഷ പദാർത്ഥത്തിന് മറ്റു മത്സ്യങ്ങളെ കൊല്ലാനാവില്ല. ഒരിക്കൽ വിഷബാധയേറ്റാൽ മറുമരുന്നില്ല. നേരിയ ഉപ്പുരസമുള്ള വെള്ളത്തിലും ശുദ്ധജലത്തിലും വസിക്കുന്നവയും ഉണ്ട്. വിഷാംശത്തെ സൂചിപ്പിക്കുന്ന നിറമുള്ള പാറ്റേണുകൾ കാണാം. നീളമുള്ള ശരീരങ്ങളും വൃത്താകൃതിയിലുള്ള തലകളുമാണ് ഇവയ്ക്കുള്ളത്. ശരീരത്തിൽ ശല്കങ്ങളില്ല.