പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിൽ ഒ.പി.വിഭാഗത്തിലെ രോഗികളെ പരിശോധിക്കുന്നതിനിടെയിൽ ഡോക്ടറുടെ മുറിയിൽ അതിക്രമിച്ച് കയറിയ മദ്ധ്യവയസ്ക്കനെ പുനലൂർ പൊലിസ് കസ്റ്റഡിയിൽ എടുത്തു.നഗരസഭയിലെ കലയനാട് ഗ്രേസിംഗ് ബ്ലോക്ക് സ്വദേശിയായ തോമസിനെ(63)യാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച ഉച്ചക്ക് 12മണിയോടെയായിരുന്നു സംഭവം.രോഗികളെ പരിശോധിക്കുന്ന മുറിക്ക് മുന്നിലെത്തിയ മദ്ധ്യവയസ്ക്കൻ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ വനിത സെക്യൂരിറ്റി ജീവനക്കാരി തടഞ്ഞെു.എന്നാൽ പിൻമാറാതെ ഇയാൾ വനിതാ സെക്യൂരിറ്റി ജീവനക്കാരിയുമായി ഉന്തും തള്ളും ഉണ്ടായി.ഇത് കണ്ട മറ്റൊരു പുരുഷ സെക്യൂരിറ്റി ജീവനക്കാരനെത്തി ഇയാളെ പിടിച്ചു പുറത്ത് ഇറക്കാൻ ശ്രമിച്ചെങ്കിലും ഒച്ചപ്പാടുണ്ടാക്കി. സംഭവം കണ്ട ഡ്യൂട്ടി ഡോക്ടർ പുനലൂർ പൊലിസിൽ വിവരം അറിയിച്ചു.ഇത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ പൊലിസ് മദ്ധ്യവയസ്ക്കനെ ഓടിച്ചിട്ടു പിടി കൂടി.പിന്നീട് ജീപ്പിൽ കയറാൻ പൊലിസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല.തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും പൊലിസും ചേർന്ന് ജീപ്പിൽ പിടിച്ച് കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.