കാസർകോട് : ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൊച്ചി മംഗളൂരു പൈപ്പ് ലൈനിൽ അവസാനനിമിഷം സാങ്കേതിക തടസം. ചന്ദ്രഗിരി പുഴയിലെ അടിത്തട്ടിലെ കാഠിന്യം മൂലം തുരങ്കം നിർമ്മിക്കാനാണ് തടസം നേരിടുന്നത്. മുളിയാർ ഫോറസ്റ്റിനുള്ളിലൂടെ എരിഞ്ഞിപ്പുഴ പാലത്തിനും തെക്കിൽ പാലത്തിനും മദ്ധ്യഭാഗത്ത് കൂടി പുഴക്ക് കുറുകെ പുഴയുടെ 60 മീറ്റർ താഴ്ചയിൽ തുരങ്കം ഉണ്ടാക്കി വലിയ പൈപ്പുകൾ ഇടുന്ന ജോലിയാണ് തടസ്സപ്പെട്ടത്.
രണ്ടുഭാഗത്തേയും മലയുടെ മുകൾഭാഗത്ത് എത്തിച്ച പൈപ്പുകൾ കുത്തനെ ഇറക്കിയാണ് പുഴയുടെ അടിത്തട്ടിലൂടെ കൊണ്ടുപോകുന്നത്. നേത്രാവതിയടക്കമുള്ള വലിയ പുഴകളിലെല്ലാം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് 440 കി.മി.ദൈർഘ്യമുള്ള പൈപ്പ് ലൈനിന്റെ 1.5 കിലോമീറ്റർ ഭാഗം വെല്ലുവിളിയായി നിൽക്കുന്നത്. ഈ പ്രതിസന്ധി കാരണം കഴിഞ്ഞ നവംബറിൽ കമ്മിഷൻ ചെയ്യേണ്ടുന്ന പദ്ധതിയാണ് നീണ്ടത്. പൈപ്പിടുന്നതിനിടെ ചന്ദ്രഗിരിപ്പുഴയ്ക്കടിയിലുണ്ടായ തടസ്സം നീക്കാനുള്ള ജോലികൾ കരാറെടുത്ത ആന്ധ്രയിലെ എൻ.ആർ.പട്ടേൽ കമ്പനി ചെന്നൈയിൽ നിന്ന് എത്തിച്ച എച്ച് .ഡി .ഡി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ചാണ് തടസ്സം നീക്കാനുള്ള ജോലികൾ നടത്തുന്നത്.
ഒരു മാസമായി കഠിനശ്രമം നടത്തിയിട്ടും തുരങ്കത്തിന്റെ വ്യാപ്തിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.എന്നാൽ പട്ടേൽ കമ്പനി ഇപ്പോഴും വലിയ പ്രതീക്ഷയിലാണ്. കൊച്ചി- കൂറ്റനാട്-ബെംഗളൂരു- മംഗളൂരു പദ്ധതിയുടെ ഭാഗമാണിത്. കൊച്ചി മുതൽ കൂറ്റനാട് വരെയുള്ള ഭാഗം നേരത്തെ കമ്മിഷൻ ചെയ്തിരുന്നു. ചന്ദ്രഗിരിയിലെ പൈപ്പിടൽ പൂർത്തിയായെങ്കിൽ മാത്രമേ പദ്ധതി കമ്മീഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ.
ദുർഘടം,ദുരൂഹം
ചന്ദ്രഗിരിപ്പുഴയുടെ അടിത്തട്ടിൽ 36 ഇഞ്ച് വ്യാസത്തിലുള്ള തുരങ്കം നിർമ്മിച്ച് അതിലൂടെ 24 ഇഞ്ച് വ്യാസത്തിലുള്ള പൈപ്പാണ് കടത്തിവിടുകയാണ് . 'ഹൊറിസൊണ്ടൽ ഡയറക്ഷനൽ ഡ്രില്ലിംഗ്' രീതിയിലാണ് തുരക്കൽ. ചെറിയ പൈപ്പുകൾ ഇടുന്ന തുരങ്കം ഉണ്ടാക്കാൻ ആദ്യം വലിയ പ്രയാസം ഉണ്ടായില്ലെന്ന് പറയുന്നു. എന്നാൽ പിന്നീട് മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. തുരങ്കത്തിന് തടസം വന്നതിന്റെ കാരണങ്ങൾ ദുരൂഹമാണെന്ന് ഗെയിൽ ഉദ്യോഗസ്ഥർ പറയുന്നു.
തുരങ്ക നിർമാണം ഒന്നാം ഘട്ടം പൂർത്തിയാക്കി പൈപ്പിടൽ ജോലി ആരംഭിച്ചപ്പോഴാണ് തടസ്സമുണ്ടായത്. ചെങ്കള ബേവിഞ്ചയിൽ നിന്നു ചട്ടഞ്ചാൽ തൈരയിലേക്ക് ഒന്നര കിലോമീറ്റർ ദൂരത്തിലാണ് ഇങ്ങനെ തുരങ്കം . 540 മീറ്റർ ദൂരത്തിൽ പൈപ്പിട്ട ശേഷമാണ് തടസ്സം കണ്ടെത്തിയത്. ഇട്ട പൈപ്പ് പുറത്തെടുത്ത ശേഷം തിരികെ കയറ്റി സാവധാനം തള്ളിയാൽ തടസ്സം നീക്കാൻ കഴിയുമെന്നാണ് എൻജിനീയർമാരുടെ അഭിപ്രായം . എന്നാൽ തുരങ്കത്തിൽ ഇട്ടുകഴിഞ്ഞ ചെറിയ പൈപ്പ് പുറത്തെടുക്കാനും കഴിയുന്നില്ലെന്നും ഗെയ്ൽ ഉദ്യോഗസ്ഥർ പറയുന്നു.
ഡമ്മിപ്പുൾ നടത്തിയില്ല