ദുബായ്: ചരിത്രത്തിൽ ആദ്യമായി ഇസ്രായേലിൽ നിന്നുള്ള യാത്രാ വിമാനം യു.എ.ഇയിൽ എത്തി. ഇസ്രായേൽ- യു.എ.ഇ സമാധാന കരാറിന് പിന്നാലെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇസ്രായേൽ വിമാന സർവീസിന് തുടക്കമിട്ടത്.
ബെൻ-ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയാണ് പറന്നത്. ആദ്യമായാണ് ഒരു ഇസ്രായേൽ വിമാനം സൗദി വ്യോമ മേഖലയിൽ എത്തുന്നത്. ഹിബ്രു, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സമാധാനം എന്ന് വിമാനത്തിൽ രേഖപ്പെടുത്തിയരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകനും പ്രധാന ഉപദേശകനുമായ ജറാഡ് കുഷ്നറും അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രതിനിധികളും ആദ്യ യാത്രയുടെ ഭാഗമായി. ആദ്യമായാണ് ഒരു ഗൾഫ് രാഷ്ട്രം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്. നിരവധി രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധത്തിൽ യു.എ.ഇയെ വിമർശിച്ചിരുന്നു.