വാഷിംഗ്ടൺ: പോർട്ട്ലൻഡ് പ്രക്ഷോഭത്തെ ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും നേർക്കുനേർ. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രവർത്തകരുമായി ഏറ്റുമുട്ടിയ വലതുപക്ഷക്കാരെ ട്രംപ് രാജ്യസ്നേഹികളെന്ന് വിശേഷിപ്പിച്ചു. അക്രമങ്ങൾക്കെല്ലാം കാരണം ഡെമോക്രാറ്റിക് മേയറാണെന്നും ബൈഡന് നയിക്കാനറിയില്ലെന്നും ട്രംപ് പരിഹസിച്ചു. എന്നാൽ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം ആളിക്കത്തിക്കാനാണ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരയോഗത്തിൽ ജോ ബൈഡൻ തിരിച്ചടിച്ചു.
അമേരിക്കയിലെ പോർട്ട്ലൻഡിൽ ട്രംപ് അനുയായികളും വംശീയവിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. മെയ് 25ന് ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്ത വർഗക്കാരൻ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് മൂന്നു മാസമായി പോർട്ട് ലാൻഡിൽ ശക്തമായ വംശീയ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്.