ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച ഹർജി തള്ളിയ സുപ്രീംകോടതി, മല്യയോട് ഒക്ടോബർ 5ന് ഉച്ചയ്ക്ക് രണ്ടിന് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു. മല്യ കോടതിയിൽ ഹാജരാകുമെന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറപ്പുവരുത്തണമെന്നും എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത ശേഷം ലണ്ടനിലേക്ക് കടന്ന മല്യ,
2016ൽ ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാഗിയോയിൽ നിന്ന് കൈപ്പറ്റിയ 40 മില്യൺ ഡോളർ മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെയാണ് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകൾ കോടതിയലക്ഷ്യ ഹർജി നൽകിയത്.
പണം കൈമാറിയത് ട്രൈബ്യൂണലിന്റെയും കർണാടക ഹൈക്കോടതിയുടേയും ഉത്തരവിന്റെ ലംഘനമാണെന്നും മല്യ കുറ്റക്കാരനാണെന്നും 2017ൽ കോടതി കണ്ടെത്തി. മല്യ നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരെ മല്യ പുനഃപരിശോധന ഹർജി സമർപ്പിച്ചത്.
മല്യക്കെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ് കേസുകൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. 2017 ഏപ്രിൽ 18 നാണ് മല്യ ഇംഗ്ലണ്ടിൽ അറസ്റ്റിലായത്. നിലവിൽ ജാമ്യത്തിലാണ്. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു.