ന്യൂഡൽഹി: പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വനിതാ വിദ്യാർത്ഥി സംഘടനയായ പിഞ്ച്ര തോഡ് പ്രവർത്തകയും ജെ.എൻ.യു വിദ്യാർത്ഥിയുമായ ദേവാംഗന കലിതയ്ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.
നിലവിലെ സാഹചര്യത്തിൽ അവരെ തടങ്കലിൽ വയ്ക്കേണ്ടതില്ലെന്ന് ചുണ്ടിക്കാട്ടിയ ജസ്റ്റിസ് സുരേഷ് കുമാർ 25,000 രൂപയും വ്യക്തിഗത ബോണ്ടും ആൾ ജാമ്യത്തിലും പുറത്തിറങ്ങാവുന്നതാണെന്ന് വ്യക്തമാക്കി. തെളിവ് നശിപ്പിക്കുമെന്നോ ഇവർ മറ്റാരെയെങ്കിലും സ്വാധീനിക്കുമെുന്നോ പറയുന്നതിൽ കഴമ്പില്ല. സീൽ ചെയ്ത കവറിൽ സമർപ്പിച്ച കേസ് ഡയറിയിൽ ഇവർ സമാധാനപരമായ പ്രതിഷേധമാണ് നടത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് പറഞ്ഞു.
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് ആരോപിച്ച് മേയ് 24നാണ് പൊലീസ് വീട്ടിൽ നിന്നും ദേവാംഗനയെയും സുഹൃത്ത് നതാഷയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. എന്നാൽ ഡൽഹി കലാപം, കൊലപാതകം എന്നിവയിൽ ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.