ടെഹ്റാൻ: മൂന്നു വർഷം മുമ്പാണ് ലോക സിനിമയെ പിടിച്ചുകുലുക്കി മീടു മൂവ്മെന്റ് എത്തിയത്. ഒട്ടുമിക്ക രാജ്യങ്ങളിലെയും അതുവരെയുള്ള നിയമവ്യവസ്ഥിതിയെത്തന്നെ മീ ടു മാറ്റിമറിച്ചിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പുതിയ നിയമങ്ങൾ വരെയുണ്ടായി. എന്നാൽ അന്ന് പരാതികളോ തുറന്നു പറച്ചിലുകളോ നടത്താതെ, മീടുവിൽ നിന്ന് വിട്ടുനിന്ന രാജ്യമായിരുന്നു ഇറാൻ. എന്നാൽ, ഇപ്പോഴിതാ ഇറാനിലും മീ ടു എത്തി.
ഇറാനിലെ പ്രശസ്ത സംഗീതജ്ഞനായ മൊഹ്സെൻ നാംജോയ്ക്കെതിരെയാണ് ഒരു യുവതി ട്വിറ്ററിലൂടെ മീ ടു ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാനീയത്തിൽ മരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇതിനു പിന്നാലെ നിരവധി പെൺകുട്ടികൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചു.
ഇറാനിലെ പ്രശസ്ത ബുക്കോ ഷോപ്പ് ഉടമയായ കെയ്വാൻ ഇമാംവെർദിക്കെതിരെയും പെൺകുട്ടികൾ പരാതിപ്പെട്ടു. പലരും സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തവരായിരുന്നു എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾ മദ്യം കഴിക്കുന്നതും വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റമായി കരുതുന്ന രാജ്യമാണ് ഇറാൻ. കുടുംബത്തിന്റെ മാന്യത ഓർത്താണ് ഇത്രയും നാൾ ഇതൊന്നും പുറത്തു പറയാത്തതെന്നും ചിലർ സമ്മതിക്കുന്നുണ്ട്. ആരോപണ വിധേയരായവർക്കെതിരെ കേസെടുത്തതായി ഇറാനിയൻ പൊലീസ് വകുപ്പ് സമ്മതിച്ചു. പരാതിക്കാരുടെ ഐഡന്റിറ്റി വെളിപ്പെടുത്തില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ മൂവ്മെന്റിനെ സാമൂഹിക പ്രവർത്തകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നിലവിലെ നിയമങ്ങളിലെ പാളിച്ചകൾ മാറ്റാൻ ഈ മുന്നേറ്റത്തിന് കഴിയട്ടെയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനിലെ വൈസ് പ്രസിഡന്റുമാരിൽ ഒരാൾ കഴിഞ്ഞ ദിവസം ഇത്തരം ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടുന്നവരെ നിയമം ക്രൂശിതരാക്കുകയാണെന്ന് തുറന്നു പറഞ്ഞത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.