ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീംകോടതി. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം തടവും അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്നു വർഷം വിലക്കും ഏർപ്പെടുത്തും. സെപ്തംബർ 15ന് മുമ്പ് പിഴയൊടുക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
ഒരു രൂപ പിഴ അടയ്ക്കുമെന്നും എന്നാൽ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും പ്രശാന്ത് ഭൂഷൺ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുർബലമായാൽ ഓരോ പൗരനെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ 50 ലക്ഷം രൂപ വിലയുള്ള ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രം കഴിഞ്ഞ ജൂൺ 29ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തതാണ് കോടതിയലക്ഷ്യ കേസെടുക്കാൻ കാരണം. 2009ൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതാണ് മറ്റൊരു കോടതിയലക്ഷ്യക്കേസ്. കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മാപ്പ് പറയുന്നതിന് മൂന്ന് ദിവസം അനുവദിച്ചെങ്കിലും ഭൂഷൺ വഴങ്ങിയില്ല. അവസാന വിചാരണ ദിവസവും അര മണിക്കൂർ അനുവദിച്ചിട്ടും ഭൂഷൺ അണുവിട മാറിയില്ല. ഉത്തമ ബോധ്യത്തോടെയാണ് വിമർശനം ഉന്നയിച്ചത്. ഖേദം പ്രകടിപ്പിച്ചാൽ മനഃസാക്ഷിയെയും സുപ്രീംകോടതിയെയും അവഹേളിക്കുന്നതിന് തുല്യമാകുമെന്നാണ് പ്രശാന്ത് ഭൂഷൺ പറഞ്ഞത്.
വീണ്ടും ട്വീറ്റ്
'എന്റെ അഭിഭാഷകനും മുതിർന്ന സഹപ്രവർത്തകനുമായ രാജീവ് ധവാൻ കോടതിയലക്ഷ്യ വിധി വന്നയുടൻ ഒരു രൂപ സംഭാവന നൽകി' എന്ന കുറിപ്പോടെയുള്ള പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി. ഒരുമണിക്കൂറിനകം പതിനായിരക്കണക്കിന് പേരാണ് ട്വീറ്റിന് ലൈക്കും ഷെയറുമായി പിന്തുണ അറിയിച്ചത്.
കനത്ത സുരക്ഷ
കോടതിയലക്ഷ്യകേസിൽ പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കുന്നതിനെതിരെ ജഡ്ജിമാർ, അഭിഭാഷകർ, വിദ്യാർത്ഥികൾ തുടങ്ങി നാനാതുറയിൽ നിന്നുള്ളവരിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. അതിക്രമങ്ങളുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിധി പറഞ്ഞ ആഗസ്റ്റ് 31ന് കനത്ത സുരക്ഷയാണ് സുപ്രീംകോടതിയിൽ ഒരുക്കിയത്.