ന്യൂഡൽഹി: മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കണം എന്നതുൾപ്പടെ ഒട്ടേറെ വിവാദ വിധികൾ പ്രസ്താവിച്ച ജസ്റ്റിസ് അരുൺ മിശ്ര ആറ് വർഷത്തെ സേവനത്തിന് ശേഷം സുപ്രീംകോടതി ജഡ്ജി പദവിയിൽ നിന്ന് ഇന്ന് വിരമിക്കുന്നു.
ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രം കേസിലെ വിധി പറഞ്ഞതോടെ തന്റെ അവസാന കോടതി വിധി നൽകിയതായി അരുൺ മിശ്ര അറിയിച്ചു.
'ശിവന്റെ കൃപയാൽ അന്തിമ വിധിയും പൂർത്തിയാക്കി' എന്ന് അദ്ദേഹം പ്രതികരിച്ചു. മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന എച്ച്.ജി. മിശ്രയുടെ മകനായ അരുൺ മിശ്ര കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നാണ് 2014 ജൂലായ് ഏഴിന് സുപ്രീംകോടതിയിലെത്തിയത്. വിരമിക്കും വരെ 132 വിധിന്യായങ്ങൾ എഴുതി. 540 ബെഞ്ചുകളുടെ ഭാഗമായിരുന്നു. ഏഴ് ചീഫ് ജസ്റ്റിസുമാർക്കൊപ്പം ജോലിചെയ്തു.
വർത്തമാന കാലത്ത് ഇന്ത്യയിൽ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങളിൽ പലതിന്റെയും കേന്ദ്ര സ്ഥാനത്ത് ജസ്റ്റിസ് അരുൺ മിശ്രയുണ്ടായിരുന്നു. അവസാനം നടത്തിയ പ്രശാന്ത് ഭൂഷണിന്റെ കോടതി അലക്ഷ്യകേസിലെ വിധിന്യായത്തിലും വിവാദം അവശേഷിപ്പിച്ചാണ് അരുൺ മിശ്ര പടിയിറങ്ങുന്നത്.