തിരുവനന്തപുരം: തേമ്പാമൂട്ടിൽ കൊലക്കത്തിക്ക് മുന്നിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകൾ. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹക്ക് മുഹമ്മദിന്റെയും മിഥിലാജിന്റെയും വരുമാനമായിരുന്നു ഇവരുടെ കുടുംബങ്ങളുടെ പ്രധാന ആശ്രയം. പിക്കപ്പ് വാനുകളിൽ മത്സ്യവും പച്ചക്കറികളും പഴവർഗങ്ങളും മിനറൽ വാട്ടറും നാടുനീളെ കച്ചവടം ചെയ്താണ് ഇരുവരും കുടുംബം പുലർത്തിയിരുന്നത്. രാഷ്ട്രീയത്തിനൊപ്പം കുടുംബപരമായും നല്ല സൗഹൃദത്തിലായിരുന്നു ഇരുവരും. ഡി.വൈ.എഫ്.ഐ തേലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു മിഥിലാജ്. കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റാണ് ഹഖ് മുഹമ്മദ്. ഏതൊരാവശ്യത്തിനും ഓടിയെത്തുന്നവരാണ് ഇരുവരും. ലോക്ക് ഡൗൺ കാലത്ത് ആരോഗ്യപ്രവർത്തകർക്കൊപ്പം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കാനും സഹായങ്ങൾ നൽകാനും മുൻനിരയിലുണ്ടായിരുന്നു. ചെയ്തിരുന്ന തൊഴിലുകൾ കൊവിഡ് കാലത്ത് അവസാനിപ്പിക്കേണ്ടി വന്നതോടെയാണ് വഴിയോര കച്ചവടങ്ങളിലേക്ക് തിരിഞ്ഞത്. ഇതിനൊപ്പം ഡ്രൈവിംഗും പബ്ലിംഗുമടക്കം എല്ലാ ജോലികളും ഇവർ ചെയ്തിരുന്നു.
വേദനയായി പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ
പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങൾക്കും ജീവിതത്തിൽ സുന്ദരസ്വപ്നങ്ങൾ കണ്ടു തുടങ്ങിയ രണ്ടു യുവതികൾക്കുമാണ് രാഷട്രീയ തിമിരത്തിൽ അത്താണികളെ നഷ്ടപ്പെട്ടത്. ഹഖ് മുഹമ്മദിന്റെ മകൾ
ഐറ മഹ്റിന് ഒരു വയസാണ് പ്രായം. ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി നിൽക്കുന്ന ഭാര്യ നജില നാലു മാസം ഗർഭിണിയാണ്. രണ്ടു വർഷമായിട്ടെ ഉള്ളു ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പ്രണയ വിവാഹമായിരുന്നു. എറണാകുളത്തെ കമ്പനിയിൽ ഇന്റർവ്യൂ പാസായി വിസയ്ക്കായി കാത്തിരിക്കെയാണ് കൊവിഡ് വഴിമുടക്കിയത്. അഞ്ചു ദിവസം മുൻപാണ് എറണാകുളത്ത് പോയി പാസ്പോർട്ട് തിരികെ വാങ്ങി വീട്ടിൽ എത്തിയത്. മിഥിലാജിന്റെ മക്കളായ എഴുവയസുകാരൻ മുഹമ്മദ് ഇർഫാൻ, അഞ്ചുവയസുകാരൻ മുഹമ്മദ് യഹിസാൻ എന്നിവർ കന്യാകുളങ്ങര ജമാത്ത് സ്കൂളിലെ വിദ്യാർത്ഥികളാണ്. ഭാര്യ നസിഹാ. കഴിഞ്ഞ ആറ്റുകാൽ പൊങ്കാല ദിനത്തിലായിരുന്നു സ്വന്തം പ്രവാസ ജീവിതത്തിൽ സ്വരുക്കൂട്ടിയ തുകയിൽ വാങ്ങിയ മുക്കംപാലംമൂട്ടിലെ തന്റെ പുതിയ വീട്ടിൽ മിഥുലാജ് താമസം ആരംഭിച്ചത്.