ഉത്തരവിൽ വിയോജിച്ച് കമ്മിഷനിലെ മൂന്നാമത്തെ അഗം
ന്യൂഡൽഹി: കേരള കോൺഗ്രസ് -മാണി വിഭാഗമായി ജോസ്. കെ മാണി പക്ഷത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം രണ്ടിലയും ജോസ് പക്ഷത്തിന് അനുവദിച്ചു.
പാർട്ടി പേരിലും ചിഹ്നത്തിലും പി.ജെ ജോസഫ് വിഭാഗം ഉന്നയിച്ച അവകാശവാദം ഭൂരിപക്ഷ വിധിയിലൂടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത്. ജോസ് പക്ഷത്തിന് നിയമനിർമ്മാണ സഭാംഗങ്ങളുടെയും സംസ്ഥാന സമിതിയുടെയും ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയും കമ്മിഷണർ സുശീൽ ചന്ദ്രയും ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം ആർക്കെന്ന് കണ്ടെത്തുന്നതിന് ഇരുവിഭാഗങ്ങളെയും പിന്തുണയ്ക്കുന്നവരുടെ വിശദമായ സത്യവാങ്മൂലം വീണ്ടും ആവശ്യപ്പെടണമെന്നും, നിലവിലെ സത്യവാങ്മൂലങ്ങളിൽ പിശകുകൾ പ്രകടമാണെന്നും ചൂണ്ടിക്കാട്ടി കമ്മിഷനിലെ മൂന്നാമത്തെ അംഗം അശോക് ലവാസ വിയോജിച്ചു.
കേരള കോൺഗ്രസ്-എമ്മിന് പാർലമെൻറിൽ രണ്ടും (ലോക്സഭയിൽ ഒന്ന്, രാജ്യസഭയിൽ ഒന്ന്) നിയമസഭയിൽ അഞ്ചും അംഗങ്ങളാണുള്ളത്. ഇതിൽ ജോസ് പക്ഷത്തിന് രണ്ട് എം.പിമാരുടെയും രണ്ട് എം.എൽ.എമാരുടെയും പിന്തുണയുണ്ട് . ജോസഫ് വിഭാഗത്തിന് മൂന്ന് എം.എൽ.എമാരുടെ പിന്തുണയും.സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ 174 പേരുടെ പിന്തുണ ജോസ് പക്ഷത്തിനാണ്. 117 പേരുടെ പിന്തുണയാണ് ജോസഫ് പക്ഷത്തിനുള്ളത്. അഡ്വ.പ്രിൻസ് ലൂക്കോസ്, മേരി സെബാസ്റ്റ്യൻ, ജോസ് വടക്കേക്കര, ഇഖ്ബാൽ കുട്ടി, കുര്യൻ പി.കുര്യൻ എന്നീ അഞ്ച് പേർ ഇരുപക്ഷത്തെയും പിന്തുണയ്ക്കുന്നതിനാൽ ഇവരുടെ സത്യവാങ്മൂലം പരിഗണിച്ചില്ല. തർക്കം കോടതിയുടെ പരിഗണനയിലായതിനാലും, പാർട്ടി പിളർന്നിട്ടില്ലാത്തതിനാലും പാർട്ടി പേരും ചിഹ്നവും അനുവദിക്കുന്നതിൽ കമ്മിഷന് ഇടപെടാനാവില്ലെന്ന ജോസഫ് പക്ഷത്തിന്റെ വാദം കമ്മിഷൻ തള്ളി.
2018 മാർച്ചിലെ സംഘടനാ തിരഞ്ഞെടുപ്പിൽ 450 അംഗ സംസ്ഥാന സമിതിയെയാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ രേഖ ലഭ്യമാക്കിയില്ല. സംസ്ഥാന കമ്മിറ്റിയിൽ തങ്ങളെ പിന്തുണയ്ക്കുന്നവരെന്ന് കാട്ടി 314 പേരുടെ പട്ടിക ജോസ് പക്ഷവും, 255 പേരുടെ പട്ടിക ജോസഫ് പക്ഷവും നൽകി. ഇരുവിഭാഗങ്ങളുടെയും സത്യവാങ്മൂലങ്ങളിലെ സമാനമായുള്ള 305 പേരുകൾ അംഗീകരിച്ച് ,അവരിൽ നിന്നാണ് ഭൂരിപക്ഷ പിന്തുണ കണക്കാക്കിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെവിധി കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയ അന്ത്യം ആഗ്രഹിച്ചവരെ നിരാശപ്പെടുത്തി. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിന്ന് വിട്ടു നിന്ന് നിക്ഷ്പക്ഷത പാലിക്കണമെന്ന പാർട്ടി വിപ്പ് ലംഘിച്ച എം.എൽ.എമാർക്കെതിരായ നിയമനടപടി ശക്തമാക്കമെന്ന് സ്പീക്കറോട് ആവശ്യപ്പെടും.ജോസ് കെ.മാണിയുടെ നേതൃത്വം അംഗീകരിച്ച് ഔദ്യോഗിക കേരളാ കോൺഗ്രസ്സിന്റെ ഭാഗമാകാത്തവർക്കെതിരെ കർശന നടപടികളെടുക്കാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി.
ജോസ് കെ.മാണി
പാർട്ടി ചിഹ്ന പ്രശ്നത്തിൽ ജോസ് കെ.മാണി വിഭാഗത്തിന്റെ വിജയം താൽക്കാലികമാണ്,ഇപ്പോഴത്തെ ആഹ്ലാദം കരച്ചിലാവാൻ അധിക സമയം വേണ്ടിവരില്ല. അന്തിമ വിജയം ഞങ്ങൾക്കൊപ്പമാവും. ജോസ് വിഭാഗത്തെ മുന്നണിയിൽ തിരികെ കൊണ്ടുവരുന്ന വിഷയം ഉദിക്കുന്നില്ലെന്ന് യു. ഡി. എഫ് കൺവീനർ വ്യക്തമാക്കിയതാണ്.തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി നിയമപരമല്ല. ഉടൻ ഡൽഹിഹൈക്കോടതിയിൽ അപ്പീൽ നൽകും.
പി.ജെ.ജോസഫ്