തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഹഖ് മുഹമ്മദും മിഥിലജും കൊലചെയ്യപ്പെട്ട സംഭവം കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. കൊലപാതകം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം ഇന്ന് കരിദിനം ആചരിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പാർട്ടി ബ്രാഞ്ച് അടിസ്ഥാനത്തിൽ ഒരു കേന്ദ്രത്തിൽ 5 പേർവീതം കറുത്ത ബാഡ്ജ് ധരിച്ച് വൈകുന്നേരം 4 മണി മുതൽ 6 മണി വരെ ധർണ നടത്തും. സമരകേന്ദ്രങ്ങളിൽ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ഫോട്ടോകൾ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തും.
കൊലപാതകത്തെ കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിച്ചത് കോൺഗ്രസ് നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണ്. രക്തസാക്ഷികളെ ഗുണ്ടകളെന്ന് ചിത്രീകരിച്ച് അപമാനിക്കാൻ കെ.പി.സി.സി പ്രസിഡന്റ് ശ്രമിച്ചത് അത്യന്തം അപലപനീയമാണ്.