'മദംകൊണ്ടാന ശോഭിക്കും
ഔദാര്യം കൊണ്ട് ഭൂപതി '
മലയാളവിദ്യാർത്ഥികൾക്ക് പരിചിതമായ ഒരു കാവ്യാലങ്കാരത്തിന്റെ അംഗീകൃത ഉദാഹരണമാണ് മേലുദ്ധരിച്ചത്. അനേകം വസ്തുക്കൾ ഒരു ധർമ്മത്തിൽ അന്വയിക്കുന്ന ദീപകം എന്ന അലങ്കാരത്തിന്റെ ഉദാഹരണം. വ്യത്യസ്തമായ ആവിഷ്കാരങ്ങൾകൊണ്ട് ശോഭിക്കുക എന്ന ധർമ്മം അനുഷ്ഠിക്കുന്നു ആനയും രാജാവും. ആന മദം കൊണ്ടും ഭൂപതി ഔദാര്യം കൊണ്ടും. അധികാരത്തിന് ശോഭ പകരുന്നത് മദമല്ല ഔദാര്യമാണെന്ന ആശയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഈ വരികൾ ഉദ്ധരിച്ചെന്നേ ഉള്ളൂ. ഈ വഴിക്കു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഏതാനും സംഭവങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായല്ലോ. പ്രശാന്ത് ഭൂഷൺ എന്ന സീനിയർ അഭിഭാഷകന് കോടതിയലക്ഷ്യ കുറ്റത്തിന് ഒരു രൂപ ശിക്ഷ വിധിച്ച സുപ്രീം കോടതി വിധി. കേരള പബ്ലിക് സർവീസ് കമ്മീഷനെ അവഹേളിക്കത്തക്ക വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ചെറുപ്പക്കാരെ ഭാവിയിൽ പി.എസ്.സി പരീക്ഷകളിൽ നിന്ന് വിലക്ക് കല്പിക്കും എന്ന നിലപാട്, റാങ്ക് ലിസ്റ്റ് റദ്ദായിപ്പോയതിൽ മനംനൊന്ത് തിരുവോണത്തിന് തലേന്നാൾ തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യ. ഇതെല്ലാം ചേർന്ന് സൃഷ്ടിച്ച
പ്രസാദാത്മകമല്ലാത്തതും അസ്വസ്ഥപ്പെടുത്തുന്നതുമായ മാനസികാവസ്ഥയിലാണ് അധികാരത്തിന്റെ ഔദാര്യത്തെക്കുറിച്ചും മദത്തെക്കുറിച്ചും ചിന്തിച്ചു പോകുന്നത്.
സുപ്രീം കോടതി വിധിയെക്കുറിച്ച് അഭിപ്രായമോ വിമർശനമോ എഴുതുന്നില്ല. പക്ഷെ ആഗ്രഹിക്കാനുള്ള അവകാശം ഉപയോഗിച്ച്, ശിക്ഷാവിധി മറ്റൊന്നായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ദുർബലന് ഉദാരനാകാൻ കഴിയില്ല. കരുത്തന് മാത്രമേ പൊറുക്കാനാവൂ. ശിക്ഷയേക്കാൾ എത്ര തീക്ഷ്ണവും ഫലപ്രദവുമാണ് സമയോചിതമായ ഉദാരത!
പബ്ലിക് സർവീസ് കമ്മിഷൻ എന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിച്ചുകൂടാ. അതിന്റെ വിശ്വാസ്യത തകരാൻ പാടില്ല. എന്നാൽ ഒരു പൊതുസ്ഥാപനത്തിന്റെ തീരുമാനങ്ങൾ വിയോജിപ്പുകളും വിമർശനങ്ങളും ക്ഷണിച്ചു വരുത്തുന്നത് സ്വാഭാവികം. വിമർശിക്കാൻ പാടില്ല എന്ന് പറയാമോ? റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയുമ്പോൾ അവ സ്വാഭാവികമായും റദ്ദാക്കപ്പെടുന്നു. ഒപ്പം ഉദ്യോഗാർത്ഥികളുടെ ജോലിസാദ്ധ്യതകളും റദ്ദാക്കപ്പെടുന്നു. കാലാവധി കഴിയും മുമ്പ് ലിസ്റ്റിലുള്ളവർക്കു നിയമനം കിട്ടാതെ പോയത് ഉദ്യോഗാർത്ഥികളുടെ കുറ്റമല്ലല്ലോ. അവർ ദുർബലരാണല്ലോ. അധികാരവും അർത്ഥവും അനുചരന്മാരുമില്ലല്ലോ. അവരെക്കുറിച്ചല്ലേ എപ്പോഴും ഓർക്കേണ്ടത്? വിമർശനത്തിനും അപകീർത്തിപ്പെടുത്തലിനും ഇടയിലുള്ള നേർത്തരേഖ സുവ്യക്തമായില്ലെങ്കിൽ ആവശ്യമായ വിമർശനങ്ങൾ പോലും ദുർലഭവും ദുഷ്കരവുമാകും. വിമർശിക്കുകയെന്നത് അപകടം പിടിച്ച പണിയാണെന്ന വിചാരം വ്യാപകമാകും. വിമർശനമില്ലായ്മ കൊണ്ട് അധികാരം ദുഷിക്കും. വിമർശനങ്ങളെ നിശ്ശബ്ദമാക്കുകയെന്നത് ജനാധിപത്യത്തിലെ വിഷബാധയാകുന്നു.
സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളുമെല്ലാം വിമർശനത്തെ ശത്രുതാ പ്രഖ്യാപനമായി കാണാൻ തുടങ്ങിയിരിക്കുന്നു. വിമർശിക്കുന്നവരെ സമൂഹമാധ്യമങ്ങളിൽ വളഞ്ഞിട്ടു തല്ലുന്ന കാഴ്ച ദിവസവും കാണുന്നുണ്ടല്ലോ. അസഹിഷ്ണുതയുടെ അണുബാധ കൊറോണയെക്കാൾ മാരകമായി നമ്മുടെ സമൂഹത്തെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്നു. കൊറോണ കീഴടങ്ങിയാലും അസഹിഷ്ണുതാ വൈറസ് നിലനിൽക്കാനാണ് സാദ്ധ്യത. ഭയാനകമായ ചിന്തയാണത്. ലക്ഷണങ്ങൾ കണ്ടെത്തി സ്വന്തം ജീവിതങ്ങളിൽ നിന്ന് അവയെ നിവാരണം ചെയ്യുകയല്ലാതെ മറ്റൊന്നുമില്ല ഔഷധം.
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാരോടും നേരിട്ട് വരാത്ത അപേക്ഷകരോടും അധികാരത്തിന്റെ ഭാഷയിലല്ലാതെ വിനയത്തിന്റെയും സേവനത്തിന്റെയും ഭാഷയിൽ സംസാരിക്കാനും സഹായിക്കാനും ഓഫീസിലുള്ളവർക്കു കഴിയണം. അങ്ങനെ പെരുമാറുന്നവർ ഇല്ലെന്നല്ല. എന്നാൽ 'മദം' പ്രകടിപ്പിക്കുന്നവരുടെ വംശം ഇല്ലാതായിട്ടില്ല. ഒരപേക്ഷകനെ എങ്ങനെ അയോഗ്യനാക്കാം എന്നല്ല, എങ്ങനെ സഹായിക്കാം എന്നാണ് ചിന്തിക്കേണ്ടത്. ആധുനിക സാങ്കേതിക വിദ്യയെ ഇതിനായി ഉപയോഗപ്പെടുത്തണം. അപേക്ഷയുടെ മേലുള്ള തീരുമാനം വാട്സാപ്പിലൂടെയോ ഈമെയിലിലൂടെയോ തത്ക്ഷണം അറിയിക്കാൻ സാങ്കേതിക വിദ്യ സുലഭം.; തടസം പക്ഷെ, മനോഭാവമാണ്. പഴയ ശീലങ്ങളാണ്. സേവനം ഓരോ പൗരന്റെയും അവകാശം എന്ന ബോധ്യമായിരിക്കണം അധികാരത്തിന്റെ മാർഗദീപം.
'ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന'
നിഷ്ഠയെക്കുറിച്ചുപദേശിച്ച ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ ഔന്നത്യം നമുക്ക് അപ്രാപ്യമായി തോന്നാം. എന്നാൽ എല്ലാ മനുഷ്യർക്കും സാദ്ധ്യമാണ് അനുകമ്പയുടെ അറിവും പ്രയോഗവും. ദയ വാഴുന്ന ഇടമാണല്ലോ ഹൃദയം. ഹൃദയം കൊണ്ട് അധികാരം നയിക്കപ്പെടുമ്പോൾ, മദം ദമമായി പരിണമിക്കും. അപ്പോൾ അനുകമ്പ പ്രാപ്യമായിവരും. അധികാരത്തിന്റെ അപഭ്രംശങ്ങൾ ഒഴിഞ്ഞു പോകും ഗുരുദേവ ജയന്തി ആഘോഷിച്ചത്തിന്റെ പിറ്റേന്ന് അനുകമ്പാദശകത്തിലെ ഈ ശ്ലോകം കൊണ്ട് ആ മഹാഗുരുവിനു പ്രണാമം അർപ്പിക്കുകയും, അധികാര തിമിരത്തിനും, വ്യാപകമാവുന്ന അസഹിഷ്ണുതയ്ക്കും പ്രതിക്രിയയായി ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യാം.
അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിത് ജീവതാരകം
'അരുളുള്ളവനാണ് ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി