ഓണത്തിന് വിവിധ പ്ലാറ്റ്ഫോമുകളിലൂടെപ്രേക്ഷകർക്ക് മുന്നിലെത്തിയ മലയാളം ചിത്രങ്ങളെക്കുറിച്ച്
ഒരവലോകനം....
പതിവിനുവിപരീതമായി ഈ ഓണക്കാലത്ത് റിലീസുകളില്ല എന്നതാണ് സിനിമാസ്വാദകരെ ഏറെ അസ്വസ്ഥമാക്കിയ കാര്യം. ആളും ആരവവുമില്ലാതെ സിനിമാമേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ സാധ്യത സിനിമാമേഖല ഈ സമയത്ത് ഉപയോഗപ്പെടുത്തിയത്. ജയസൂര്യ ചിത്രം സൂഫിയും സുജാതയുമായിരുന്നു ആദ്യ ഓൺലൈൻ റിലീസായി എത്തിയത്. അതിനു പിന്നാലെ ഓണം റിലീസായി നെറ്റ് ഫ്ളിക്സിൽ ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകൻ, പ്രമുഖ ചാനൽ റിലീസായി ടോവിനോ ചിത്രം കിലോ മീറ്റേഴ്സ് ആൻഡ് കിലോ മീറ്റേഴ്സ്, ഒ.ടി.ടി റിലീസായി മഹേഷ് നാരായണൻ ഫഹദ് ചിത്രം സീ യൂ സൂൺ എന്നിവയും പ്രേക്ഷകർക്ക് മുന്നിൽ എത്തി.
കൈയ്യടിക്കാം.....
സ്ഥിര സങ്കൽപ്പ ചിത്രങ്ങളെ പൊളിച്ചെഴുതിയാണ് സീ യൂ സൂൺ റിലീസിനെത്തിയത്. ലോക്ക്ഡൗൺ സമയത്ത് തന്നെ പ്രീ പ്രൊഡക്ഷനും പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും റിലീസും ചെയ്ത് പ്രതിസന്ധികളെ വെല്ലുവിളിച്ചിരിക്കുകയാണ് മഹേഷ് നാരായണന്റെ സീ യൂ സൂൺ. ഇക്കാലത്ത് സ്ക്രീനിലൂടെ കഥപറയാൻ സാധിക്കുമെന്ന പരീക്ഷണ വിജയത്തിന്റെ പേരാണ് സീ യു സൂൺ. സ്ക്രീനുകളിലൂടെയുള്ള കഥ പറച്ചിലിനെയും പരസ്പരം സ്ക്രീൻനോക്കി സംസാരിക്കുന്ന കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. മലയാളികൾ ഇന്നുവരെ കാണാത്ത നരേറ്റിവ് സ്റ്റൈൽ. ഒരു പക്ഷെ കെ.ജി.ജോർജിന്റെ യവനികയെ ഒക്കെ മനസിൽ ഓർമ്മപ്പെടുത്തുന്ന ചിത്രം.
2016 ൽ ഖത്തറിൽ മലയാളികളടങ്ങുന്ന വൻ സെക്സ് റാക്കറ്റിനെ അറസ്റ്റ് ചെയ്ത സംഭവമാണ് മഹേഷ് നാരായണൻ തിരഞ്ഞെടുത്തത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടുന്ന അനുവും ജിമ്മിയും (റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ) ഇവർക്കിടയിൽ സംഭവിക്കുന്ന ചില ആകസ്മികതയിലൂടെയാണ് ചിത്രം മുന്നേറുന്നത്. ജിമ്മിയുടെ കസിനായി വരുന്ന കെവിൻ എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു, ഫഹദ് ഫാസിൽ എന്നിവരുടെ മികവാർന്ന അഭിനയം സിനിമയുടെ തിളക്കം കൂട്ടുന്നു. കഥയെ ആ ഫ്ളോയിൽ കൊണ്ടുപോകുന്നതിൽ അഭിനയിച്ചവരുടെ പങ്കും വലുതാണ്. മാലാ പാർവതി, സൈജു കുറുപ്പ്, കോട്ടയം രമേശ്, അമാൽഡ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
മണിയറ വിശേഷം
അശോകന് എവിടെയോ പാളി . ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. എന്നാൽ ചിത്രത്തിന്റെ ചില പാളിച്ചകൾ പ്രേക്ഷകരെ നിരാശപ്പെടുത്തി.വയലത്താണി എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ അശോകന്റെ പ്രണയവും വിവാഹവും ചില സങ്കടങ്ങളുമാണ് ചിത്രം പറഞ്ഞത്. ഒരു ശരാശരി മലയാളി യുവാവിന്റെ അപകർഷതാബോധമുള്ള അശോകൻ എന്ന കഥാപാത്രമായി എത്തുന്നത് ജേക്കബ് ഗ്രിഗറിയാണ്. സർക്കാർജോലി ഉണ്ടായിട്ടും തന്റെ ഉയരക്കുറവും കറുത്തനിറവുമാണ് കല്യാണത്തിന് വിലങ്ങു തടിയായി നിൽക്കുന്നതെന്ന സങ്കടം അശോകനെ വേട്ടയാടുന്നു. അശോകന്റെ കഥപറയുമ്പോൾ തന്നെ അശോകന്റെ സുഹൃത്തുക്കളുടെ ജീവിതവും ചിത്രത്തിൽ പറഞ്ഞുപോകുന്നുണ്ട്. നാലിലധികം നായികമാരാണ് ചിത്രത്തിൽ ഉള്ളത്. തിരക്കഥയുടെ പാളിച്ചകൾ ചിത്രത്തിൽ ഉടനീളം അനുഭവപ്പെട്ടു. ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലാണ് പ്രധാനമായും ഈ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. വിവാഹകമ്പോളത്തിലെ ആവശ്യങ്ങളും ജാതകം കൊണ്ടും വിശ്വാസങ്ങൾ കൊണ്ടുമുള്ള പ്രശ്നങ്ങളും ചിത്രത്തിൽ വിഷയമാകുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തിയ അനുപമപരമേശ്വരൻ നന്നായിട്ടുണ്ട്.അതുപോലെതന്നെ മറ്റുനായികമാരും.വിജയരാഘവന്റെ അച്ഛൻ വേഷവും ഷൈൻടോം ചാക്കോയുടെ ഷൈജു എന്ന കഥാപാത്രവും അതുപോലെ കുറ്റമറ്റതായിരുന്നു. പ്രമുഖ അഭിനേതാക്കളുടെ അപ്രതീക്ഷിത സർപ്രൈസുകൾ ഉണ്ടെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ല.പൊതുവെ വിരസമാണ് ചിത്രം
ഫീൽ ഗുഡ് മൂവി
ഫീൽഗുഡ് ജോണറിലുള്ള ട്രാവൽ മൂവിയാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്.ഹ്യൂമറിന് പ്രാധാന്യം നൽകിയ ചിത്രത്തിൽ ജോസ്മോനായി എത്തിയ ടോവിനോതോമസിന്റയും ഒപ്പത്തിനൊപ്പം കാത്തിയായി മത്സരിച്ചഭിനയിച്ച വിദേശ നടി ഇന്ത്യാ ജാർവിസിന്റെയും അഭിനയം തന്നെയാണ് കിലോ മീറ്റേഴ്സ് ആൻഡ് കിലോ മിറ്റേഴ്സിന്റെ പ്രധാന ആകർഷണം. കോട്ടയംകാരനായ ജോസ്മോൻ കാത്തി എന്ന വിദേശ വനിതയ്ക്കൊപ്പം മോട്ടോർ ബൈക്കിൽ പോകുന്ന യാത്രയും അതിനിടയിലെ സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. ഇതിനിടയിലെ കാഴ്ചകളും ചെറിയ ഇണക്കങ്ങളും ചില ഇഷ്ടങ്ങളും ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെ അമേരിക്കയുടെയും ഇന്ത്യയുടെ സാംസ്കാരികവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ സഹിതം ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ജിയോബേബി സംവിധാനം ചെയ്ത ചിത്രത്തിൽ, ബേസിൽ ജോസഫ് , ജോജുജോർജ്, സിദ്ധാർഥ് ശിവ തുങ്ങിയവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.