കോട്ടയം:കൊവിഡ് കാലത്തും ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ പൂജകളും കൊട്ടത്തോട്ടിലൂടെയുള്ള ജലഘോഷയാത്രയുമായി ആചാരങ്ങൾ കൈവിടാതെ കുമരകം. ആദ്യമായി കുമരകം സന്ദർശിക്കാനെത്തിയ ഗുരുദേവനെ നൂറുകണക്കിന് കളിവള്ളങ്ങളുടെ അകമ്പടിയിലാണ് ക്ഷേത്രത്തിലേയ്ക്ക് സ്വീകരിച്ചത്. ഇതിന്റെ ഓർമ്മയിലാണ് എല്ലാ വർഷവും വള്ളംകളി നടത്തിയിരുന്നത്. എന്നാൽ ഇക്കുറി കൊവിഡ് വ്യാപനം മൂലം ആഘോഷമായി നടത്താൻ കഴിഞ്ഞില്ല. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി. കൊട്ടത്തോട്ടിലൂടെ അലങ്കരിച്ച വള്ളത്തിൽ ഗുരുദേവ പ്രതിമയും ക്ഷേത്രത്തിലെ തിടമ്പുമായി ഘോഷയാത്ര നടത്തി. ഘോഷയാത്ര വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റിൽ അവസാനിച്ചു. ആയിരക്കണക്കിന് ആളുകൾ തടിച്ചു കൂടിയിരുന്ന കൊട്ടത്തോടിന്റെ ഇരുകരകളിലും ഇക്കുറി പേരിനു മാത്രമാണ് കാഴ്ചക്കാരുണ്ടായിരുന്നത്. ശ്രീകുമാര മംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി അശോകൻ, സെക്രട്ടറി കെ.ഡി.സലിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.