കോട്ടയം: ജോസഫ് പക്ഷത്തു നിൽക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങളെ വരുതിയിലാക്കാൻ കൂറുമാറ്റ നിരോധന നിയമം പ്രയോജനപ്പെടുത്താനുള്ള കളി ജോസ് കെ. മാണി ചെയർമാനായ കേരളാ കോണ്ഗ്രസ് (എം) ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ജോസഫ് പക്ഷത്തുള്ള ജനപ്രതിനിധികളെ കൂറുമാറ്റനിയമത്തിൽ കുടുക്കി അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടാനാണ് തന്ത്രം .ജോസഫ് പക്ഷത്തു നിന്ന് വലിയ ഒഴുക്ക് ഇതു വഴി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജോസ്.
ഈ നടപടികൾക്ക് ഇന്ന് ചേരുന്ന ജില്ലാ നേതൃയോഗം രൂപം നൽകും. ജില്ലകളിൽ നിന്നുള്ള സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും സംസ്ഥാന കമ്മറ്റി അംഗങ്ങളും പങ്കെടുക്കുന്ന യോഗത്തിൽ ജോസഫ് പക്ഷത്തുള്ള ജനപ്രതിനിധികളുടെ ലിസ്റ്റ് തയ്യാറാക്കിയായിരിക്കും നടപടി. ഇവർക്ക് ജോസ് പക്ഷത്തേക്ക് തിരിച്ചു വരാൻ സാവകാശം നൽകും. എന്നിട്ടും വരാത്തവർക്കെതിരെയാകും നടപടി. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ജോസഫ് പക്ഷത്തെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് തിരിച്ചു വരാതിരിക്കാനാവില്ല.
മഞ്ഞക്കടമ്പനെതിരെ ആദ്യ പരാതി
കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എന്ന പദവി ദുരുപയോഗം ചെയ്ത സജി മഞ്ഞക്കടമ്പനെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പരാതി നൽകി. പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അവകാശം ജോസ് കെ.മാണി ചെയർമാനായുള്ള പാർട്ടിക്കാണ് എന്നറിഞ്ഞിട്ടും സജി മഞ്ഞക്കടമ്പിൽ ചതയദിനവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എന്ന പദവി വെച്ച് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഇന്ത്യൻ ശിക്ഷാനിയമവും ഐ.ടി ആക്ടും അനുസരിച്ചുമുള്ള കുറ്റകരമായ പ്രവൃത്തിയായതിനാൽ അടിയന്തിര നിയമനടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.