കണ്ണൂർ: ജില്ലയിൽ ബോണ്ട് (ബസ് ഓൺ ഡിമാന്റ്) സർവീസ് ആരംഭിക്കാൻ ഒരുങ്ങി കെ.എസ്. ആർ.ടി.സി. ഈ ആഴ്ച തന്നെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം. സ്ഥിരമായി ജോലിക്ക് പോകുന്ന ഗവൺമെന്റ്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേണ്ടിയാണ് സർവീസ് ആരംഭിക്കുന്നത്. ഒരു ഡിപ്പോയിൽ നിന്നും അഞ്ച് സർവീസെങ്കിലും തുടങ്ങാനാണ് അധികൃതരുടെ നിർദേശം.
തുടക്കത്തിൽ രണ്ട് സർവീസുകളാണ് കണ്ണൂരിൽ നിന്നും ആരംഭിക്കുന്നത്. പിന്നീട് യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സർവീസുകൾ വർദ്ധിപ്പിക്കും. ഇതിന് വേണ്ടി ബസുകൾ പ്രത്യേകം ക്രമീകരിക്കും. സംസ്ഥാനത്ത് വയനാട്, പാലക്കാട് ജില്ലകളിൽ ബോണ്ട് സർവീസ് ആരംഭിച്ചിട്ടുണ്ട്.
ലക്ഷ്യം സ്ഥിരം യാത്രക്കാർ
ബോണ്ട് സർവീസിനായി ജില്ലയിലെ മൂന്ന് ഡിപ്പോയിലെയും ഉദ്യോഗസ്ഥർ അവരുടെ പരിധിയിലുള്ള സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കും. രാവിലെയും വൈകിട്ടും യാത്രക്കാർ ആവശ്യപ്പെടുന്ന സമയങ്ങളിലാണ് സർവീസ് നടത്തുക. ഈ ബസുകളിൽ പുറത്ത് നിന്നും മറ്റ് യാത്രക്കാരെ കയറ്റുകയുമില്ല. ഓഫീസിനും സ്ഥാപനത്തിനും മുമ്പിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. ഒരു റൂട്ടിൽ 40 യാത്രക്കാരെങ്കിലും ഉണ്ടെങ്കിലേ സർവീസ് നടത്തുകയുള്ളു.
യാത്രക്കാർക്ക് വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ച് ബസിന്റെ തത്സമയ ലൊക്കേഷൻ അതിൽ അറിയിക്കും. മാത്രമല്ല ഓരോ ഡിപ്പോയിലെത്തി ബസ് കയറുന്നവർക്ക് അവരുടെ കാറുകളും ടൂവീലറുകളും ഡിപ്പോയിൽ തന്നെ പാർക്ക് ചെയ്യാനുള്ള സൗകര്യവുമൊരുക്കും.
ബോണ്ട് ട്രാവൽ കാർഡ്
സാധാരണ യാത്രാ നിരക്കിൽ നിന്ന് അൽപം കൂടുതലായിരിക്കും ബോണ്ട് സർവീസിലെ യാത്രാ നിരക്ക്. ഈ സർവീസുകളിൽ 10, 15, 25 ദിവസത്തേക്കുള്ള പണം മുൻകൂറായി അടച്ച് ബോണ്ട് ട്രാവൽ കാർഡ് കൈപ്പറ്റണം. സാധാരണ കെ.എസ്.ആർ.ടി.സി ബസ് നവീകരിച്ച് അണുനശീകരണം നടത്തിയാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഈ ബസുകൾ മറ്റ് സർവീസുകൾ നടത്തുകയുമില്ല. സ്ഥിരമായി ഒരു ഡ്രൈവറെയും കണ്ടക്ടറെയും നിയോഗിച്ചിട്ടുണ്ട്. ഓരോ ബോണ്ട് സർവീസിലെയും യാത്രക്കാർക്ക് സമൂഹ അപകട ഇൻഷ്വറൻസ് ഉണ്ടാകും