കണ്ണൂർ: പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്റെ വിഖ്യാത കൃതിയായ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' അറബ് നാട്ടിലേക്ക് സുഗന്ധം പരത്താൻ തയ്യാറായി. ആദ്യമായാണ് ഒരു മലയാള ചെറുകഥ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. ഈജിപ്തിലെ പ്രമുഖ പ്രസാധകരായ ദാറു സുക്രിയയാണ് പ്രസാധനം ചെയ്യുന്നത്.
പ്രകാശം പരത്തുന്ന പെൺകുട്ടി എന്നർഥം വരുന്ന ഫത്താ അത്തുൻ തൻസുറു ളൗ അ എന്ന പേരിലുള്ള കഥാസമാഹാരം അടുത്ത മാസത്തോടെ പ്രകാശനം ചെയ്യും. കേന്ദ്ര, സംസ്ഥാന അവാർഡുകൾ നേടിയ പത്മനാഭന്റെ ഈ കൃതി ഇംഗ്ളീഷ്, റഷ്യൻ, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലേക്ക് ഇതിനകം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ എടപ്പാൾ കൂറ്റനാട് സ്വദേശിയായ അബ്ദുള്ള വാഫി കരിമ്പയാണ് പന്ത്രണ്ട് ചെറുകഥകളുടെ ഈ സമാഹാരം മൊഴിമാറ്റം ചെയ്തത്. ഭാവഗീതത്തിന്റെ ഏകാഗ്രമായ ലയവും താളവും പുലർത്തുന്ന കഥാശിൽപ്പത്തിലെ ഓരോ വാക്കും ബിംബവും മനുഷ്യന്റെ ആന്തരിക സത്യങ്ങളാണെന്ന തിരിച്ചറിവാണ് അബ്ദുള്ളയുടെ ഈ ശ്രമത്തിനു പിന്നിൽ. മലയാളത്തിലെ നിരവധി പ്രമുഖകരുടെ നോവലുകളും കഥകളും വായിച്ച ശേഷമാണ് അബ്ദുള്ള കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ പത്മനാഭനെ കാണാനെത്തുന്നത്.
പരിഭാഷപ്പെടുത്തുന്നതിനായി പതിനഞ്ച് തവണയെങ്കിലും പത്മനാഭന്റെ ഈ കഥാസമാഹാരം വായിച്ചിട്ടുണ്ട്.
കൊച്ചി വിപ്രോ കമ്പനിയിലെ ഡോക്യുമെന്റ് അനലിസ്റ്റായ അബ്ദുള്ള മദ്രാസ് സർവ്വകലാശാലയിൽ നിന്നു ആധുനിക അറബി സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. പത്മനാഭന്റെ കഥകളെ അടിസ്ഥാനമാക്കി അറബിയിൽ ഗവേഷണം ചെയ്യാനും ആഗ്രഹിക്കുന്നുണ്ട് ഈ മുപ്പതുകാരൻ. നാല് പേജുള്ള ഒരു കഥ അറബിയിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ഇരുപത് പേജോളം വരുന്നുണ്ട്. 215 പേജാണ് പുസ്തകത്തിന്.
ബെന്യാമിന്റെ ആടുജീവിതം, തകഴിയുടെ ചെമ്മീൻ, എം.ടിയുടെ നാലുകെട്ട് എന്നീ നോവലുകൾ മുമ്പ് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ചെറുകഥയെ അറബിയിലേക്ക് മൊഴിമാറ്റത്തിനായി സമീപിക്കുന്നതും അബ്ദുള്ളയാണ്.
അഭിമാന മുഹൂർത്തം
ടി. പത്മനാഭൻ
ആദ്യമായി അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന മലയാള കഥ എന്റേതാണെന്ന് അറിയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. അത്തരമൊരു ശ്രമത്തിന് മുൻകൈയെടുത്ത അബ്ദുള്ള വാഫി കരിമ്പയെ അഭിനന്ദിക്കുന്നു.
സന്തോഷം. പത്മനാഭന്റെ ഏതാണ്ട് എല്ലാ ചെറുകഥകളും വായിച്ചിട്ടുണ്ട്. പ്രശസ്തനായ എഴുത്തുകാരന്റെ കൃതി അറബിയിലേക്ക് വിവർത്തനം ചെയ്യാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്
അബ്ദുള്ള വാഫി കരിമ്പ