കിളിമാനൂർ: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും തകർത്ത വിപണി ഓണക്കാലത്ത് നേരെയാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന വ്യാപാരികൾക്ക് കനത്ത തിരിച്ചടി. ഓണക്കാലത്തെ കച്ചവടം മുന്നിൽക്കണ്ട് ലക്ഷങ്ങൾ വായ്പയെടുത്തും കടം വാങ്ങിയും വില്പനയ്ക്കായി സ്വരൂപിച്ച ഉത്പന്നങ്ങളെല്ലാം കെട്ടിക്കിടക്കുന്നതാണ് എല്ലാവർക്കും പ്രതിസന്ധി സമ്മാനിക്കുന്നത്.
മിക്ക കടകളിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പകുതിയിൽ താഴെ കച്ചവടം മാത്രമാണ് നടന്നത്. വിഷുവും പെരുന്നാളും കൊവിഡിൽ മുങ്ങിയതോടെ ഓണവിപണി ആയിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ അളവ് വർദ്ധിച്ചതോടെ എല്ലാം അസ്ഥാനത്തായി. പച്ചകറിക്കടകളിൽ ഉൾപ്പടെ ജനങ്ങളുടെ തള്ളിക്കയറ്റം ഉണ്ടായില്ല. വഴിയോര വാണിഭം പലയിടത്തും നിയന്ത്രിച്ചതോടെ ചെറുകിട കച്ചവടക്കാരും വലഞ്ഞു. ഓണവിപണിയുടെ ആരവം ഒഴിഞ്ഞതോടെ കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ ഇനി എന്തുചെയ്യണമെന്ന ആശങ്കയിലാണ് വ്യാപാരികൾ. കടകളുടെ വാടക നൽകാനും വായ്പ തിരിച്ചടയ്ക്കാനും സാധിക്കാതായതോടെ പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണ്.
വസ്ത്രവിപണിയും താഴേക്ക്
ഓണക്കാലത്ത് ഉഷറാകുന്ന വസ്ത്രവ്യാപാരത്തിന്റെ ഗ്രാഫ് ഇത്തവണ താഴേക്കായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച സ്റ്റോക്കുകൾ കെട്ടിക്കിടക്കുകയാണ്. വിഷുവും ഈസ്റ്രറും മുന്നിൽക്കണ്ട് എത്തിച്ച വസ്ത്രങ്ങൾ പോലും ഇനിയും വിറ്റുപോയിട്ടില്ല. പ്രളയങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷവും ഓണക്കാലത്ത് പ്രതീക്ഷിച്ച കച്ചവടം നടന്നില്ല. ഇത് ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും കൊവിഡ് കൊണ്ടുപോയി. ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും സാധിക്കാത്ത അവസ്ഥയിലാണ് നിലവിൽ വ്യാപാരികൾ.
പൂ വിപണിയും കരിഞ്ഞു
പ്രധാനമായും ഓണക്കാല കച്ചവടത്തെ മാത്രം ആശ്രയിച്ച് നിലനിന്നിരുന്ന പൂ വിപണയും ഇത്തവണ ക്ളിക്കായില്ല. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും അത്തപ്പൂക്കളമൊരുക്കുന്നത് ഇല്ലാതിരുന്നതാണ് തിരിച്ചടിയായത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ ആ കച്ചവടമോഹവും പൊലിഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് പൂവെത്തിച്ചെങ്കിലും പ്രതീക്ഷിച്ച വിപണനം ഉണ്ടാകാത്തതിനാൽ തുച്ഛമായ വിലയ്ക്ക് വില്ക്കുക മാത്രമായിരുന്നു വ്യാപാരികൾക്കുള്ള ഏക പോംവഴി.