തിരുവനന്തപുരം: മനുഷ്യ സ്നേഹികൾക്കാകെ നിത്യപ്രചോദനമാണ് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനുഷ്യന് ഒരു ജാതിയേയുള്ളൂവെന്നും അത് മനുഷ്യത്വമാണെന്നുമാണ് ഗുരു പറഞ്ഞത്. ഗുരുദേവന്റെ 166-ാമത് ജയന്തിയുടെ ഭാഗമായി, ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിലെ ജയന്തി സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന കൊടും വിപത്തുകളിലൊന്ന് ജാതിയാണെന്ന് ഗുരു മനസിലാക്കി. നേരിട്ട് ജനങ്ങളുമായി സംവദിച്ച് അവരെ പരിവർത്തിപ്പിക്കാനുതകുന്ന തത്വസംഹിതയാണ് ഗുരുവിന്റേത്. ശങ്കരാചാര്യരും ഗുരുവും അദ്വൈത ദർശനത്തിന്റെ വക്താക്കളായിരുന്നു. എന്നാൽ, മനുഷ്യജീവിതം നന്നാക്കാൻ അദ്വൈതത്തെ ഉപയോഗിച്ച ഗുരു ചിന്തിച്ചത് മരണാനന്തര മാേക്ഷത്തെക്കുറിച്ചല്ല, ജീവിതത്തിൽ തന്നെയുള്ള മെച്ചപ്പെട്ട അവസ്ഥയെക്കുറിച്ചാണ്. പാരമ്പര്യത്തെ പിൻതുടർന്ന് അതിനെ മറികടന്ന രീതിയായിരുന്നു ഗുരുവിന്റേത്. അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളാേടും സന്ധിയില്ലാതെ പോരാടി. പ്രതീക്ഷയുടെ പ്രകാശമാണ് ഗുരുവിന്റെ തത്ത്വചിന്തകൾ -മുഖ്യമന്ത്രി പറഞ്ഞു.
16 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ ചെമ്പഴന്തിയിൽ നിർമ്മിക്കുന്ന കൺവെൻഷൻ സെന്റർ ഉടൻ പൂർത്തിയാക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ സംസാരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖർ ഗുരുവിന്റെ ജന്മഗൃഹത്തിൽ രാവിലെ എത്തി പുഷ്പാർച്ചന നടത്തി. മേയർ കെ. ശ്രീകുമാർ, മുൻ എം.എൽ.എ എം.എ. വാഹിദ്, നഗരസഭ കൗൺസിലർമാരായ സി.സുദർശനൻ, കെ.എസ്.ഷീല തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 5 ന് വിശേഷാൽ പൂജ, ഗണപതി ഹോമം എന്നിവയോടെയാണ് ജയന്തിദിന ചടങ്ങുകൾ ആരംഭിച്ചത്. കർശന നിയന്ത്രണങ്ങളോടെ ഭക്തർക്ക് ദർശനം അനുവദിച്ചിരുന്നു. രാവിലെ 6 മുതൽ തിരുപ്പിറവി വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും 11.30 ന് വിശേഷാൽ ഗുരുപൂജയും നടന്നു. വൈകിട്ട് 6.30ന് സന്ധ്യാ ദീപാരാധന,സമൂഹപ്രാർത്ഥന എന്നിവയോടെ പരിപാടികൾ സമാപിപ്പിച്ചു.
ഗുരുദേവ ദർശനം കരുത്ത് പകരുന്നു: പ്രധാനമന്ത്രി
ആശംസയുമായി അമിത് ഷായും
ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിന് ജയന്തിദിനത്തിൽ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''ആരാദ്ധ്യനായ ശ്രീനാരായണഗുരുവിനു അദ്ദേഹത്തിന്റെ ജയന്തിയിൽ ഞാൻ പ്രണാമങ്ങൾ അർപ്പിക്കുന്നു. ആത്മീയതയുടെയും സാമൂഹികപരിഷ്കരണത്തിന്റെയും സമന്വയത്തിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതവും കൃതികളും. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും അദ്ദേഹം മുൻഗണന നൽകി. ക്രാന്തദർശിയായ ആ ദാർശനികന്റെ ആദർശങ്ങൾ ഇന്ത്യയിലുടനീളം അനേകർക്ക് കരുത്തു പകരുന്നു.'' എന്നാണ് മലയാളത്തിൽ മോദി ട്വിറ്ററിൽ കുറിച്ചത്.
''താഴേക്കിടയിലുള്ളവരുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ശ്രീനാരായണ ഗുരുവിന്റെ വിശ്രമരഹിതമായ പരിശ്രമവും സംഭാവനകളും ഒരിക്കലും വിസ്മരിക്കാനാവില്ലെ''ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറിച്ചു. ഗുരുവിന്റെ തത്ത്വദർശനങ്ങൾ, അനുശാസനങ്ങൾ, ചിന്തകൾ എന്നിവ തുടർന്നും രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിനാളുകളെ ജ്ഞാനസമ്പുഷ്ടരാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.