ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നീസിന്റെ പുരുഷ സിംഗിൾസിലെ ഒന്നാം റൗണ്ട് മത്സരത്തിൽ ആദ്യരണ്ട് രണ്ട് സെറ്റുകളും കൈവിട്ടശേഷം അവിശ്വസനീയമായി പൊരുതി ജയിച്ച് ബ്രിട്ടീഷ് താരം ആൻഡി മറെ.
ജപ്പാനീസ് താരം യോഷിഹിറ്റോ നിഷിയോകയുമായുള്ള മത്സരത്തിൽ രണ്ട് സെറ്റിന് പിന്നിൽ നിന്നശേഷം മൂന്നും നാലും സെറ്റുകൾ ടൈബ്രേക്കറിലൂടെ നേടിയ മറെ അഞ്ചാം സെറ്റും മത്സരവും കൈക്കലാക്കി. . പോരാട്ടം അഞ്ചു മണിക്കൂർ നീണ്ടുനിന്നു.സ്കോർ: 6-4,6-4,6-7,6-7.4-6.
ആദ്യ രണ്ട് സെറ്റ് 6-4,6-4ന് ജപ്പാൻ താരം സ്വന്തമാക്കി. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ ടൈബ്രേക്കറിലൂടെ തിരിച്ചടിച്ച മറെ നാലാം സെറ്റിലും ഈ പോരാട്ടവീര്യം ആവർത്തിച്ചു. അഞ്ചാം സെറ്റ് 6-4ന് സ്വന്തമാക്കി ബ്രിട്ടീഷ് താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
യു.എസ് ഓപ്പണിൽ ആറു തവണ ചാമ്പ്യനായിട്ടുള്ള സെറീന വില്ല്യംസ് 96-ാം റാങ്കുകാരി ക്രിസ്റ്റി അഹ്നെ മറികടന്ന് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീനയുടെ വിജയം. സ്കോർ: 7-5,6-3.
ബ്രിട്ടീഷ് താരവും ഒമ്പതാം സീഡുമായ യോഹാന കോണ്ടെ, 10-ാം സീഡായ സ്പാനിഷ് താരം ഗബ്രീന മുഗുരുസ, ബെൽജിയത്തിന്റെ 16-ാം സീഡ് എൽസി മെർട്ടൻസ, ബെലാറസ് താരം വിക്ടോറിയ അസരങ്കെ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
അതേസമയം വെറ്ററൻ താരം കിം ക്ലൈസ്റ്റേഴ്സും വീനസ് വില്ല്യംസും ആദ്യ റൗണ്ടിൽതന്നെ പുറത്തായി. 20-ാം സീഡ് ചെക് താരം കരോലിന മുച്ചോവയാണ് വീനസിനെ തോൽപ്പിച്ചത്. െൈവൽഡ് കാർഡുമായി എത്തിയ ക്ലൈസ്റ്റേഴ്സിനെ 21-ാം സീഡ് റഷ്യൻ താരം എകാതറീന അലക്സാൻഡ്രോവയ്ക്കാണ് പരാജയപ്പെടുത്തിയത്.
സുമിത് രണ്ടാം റൗണ്ടിൽ
ന്യൂയോർക്ക് : ഇന്ത്യൻ താരം സുമിത് നാഗലിന് യു.എസ് ഒാപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ വിജയം. അമേരിക്കൻ താരം ബ്രാഡ്ലി ക്ളാനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 6-1,6-3,3-6,6-1 എന്ന സ്കോറിനാണ് സുമിത് കീഴടക്കിയത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ ഒരു ഗ്രാൻസ്ളാം സിംഗിൾസ് മത്സരത്തിൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സുമിത്. 23കാരനായ സുമിത്തിന്റെ ആദ്യ ഗ്രാൻസ്ളാം വിജയവുമാണിത്. കഴിഞ്ഞ വർഷം സുമിത് ആദ്യ റൗണ്ടിൽ സാക്ഷാൽ റോജർ ഫെഡററോട് ഒരു സെറ്റ് നേടിയശേഷം തോറ്റിരുന്നു.