ലക്നൗ : ഐ.പി.എല്ലിനായി യു.എ.ഇയിലെത്തിയശേഷം " വ്യക്തിപരമായ" കാരണങ്ങളാൽ പൊടുന്നനെ നാട്ടിലേക്ക് മടങ്ങിയിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന ടീം മാനേജ്മെന്റുമായി ഉണ്ടെന്ന് പറയപ്പെടുന്ന തർക്കങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കുകയും താൻ തിരികെ ദുബായ്യിലേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.
ദുബായ്യിലെത്തിയ ചെന്നൈ ടീമിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റെയ്ന അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയത്. റെയ്നയുടെ പഞ്ചാബിലെ ബന്ധുകുടുംബത്തിന് ക്രൂരമായ ആക്രമണം നേരിട്ടതിനാലാണ് താരം മടങ്ങിയതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് ടീമിൽ കൊവിഡ് ബാധ പടരുന്നത് കണ്ട് പേടിച്ച് കുഞ്ഞുങ്ങളെ ഒാർത്ത് മടങ്ങിയെന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്തു. അതിന് പിന്നാലെ ദുബായ്യിലെ ഹോട്ടൽ മുറിയിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മാനേജ്മെന്റുമായി കലഹിച്ചുമടങ്ങി എന്ന വാർത്തകളും പുറത്തുവന്നു. ഇതിന് പിന്നാലെ റെയ്നയെ ശകാരിച്ചുകൊണ്ട് ചെന്നൈ ടീം ഉടമ എൻ.ശ്രീനിവാസൻ നൽകിയ അഭിമുഖവും പുറത്തുവന്നു. ആരാധകരുടെ വിമർശനം ഉയർന്നതോടെ ശ്രീനിവാസൻ കഴിഞ്ഞ ദിവസം തന്റെ വാക്കുകൾ പിൻവലിച്ചിരുന്നു. റെയ്നയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെയാണ് ചെന്നൈ സൂപ്പർകിംഗ്സ് ടീമിനോടും ശ്രീനിവാസനോടും ഒരു പിണക്കവുമില്ലെന്ന് ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ റെയ്ന വ്യക്തമാക്കിയത്. കുടുംബത്തിൽ തന്റെ സാന്നിദ്ധ്യം അത്യാവശ്യമായതിനാലാണ് മടങ്ങിയതെന്നു പറഞ്ഞ റെയ്ന തക്കതായ കാരണമുണ്ടായിട്ടല്ലാതെ 12.5 കോടി രൂപ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ എന്നും ചോദിച്ചു. ദുബായ്യിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ക്വാറന്റൈനിലും താൻ പരിശീലനം മുടക്കിയിട്ടില്ലെന്നും വീണ്ടും ചെന്നൈയ്ക്ക് വേണ്ടി കളിക്കാനുള്ള സാദ്ധ്യത ഇല്ലാതായിട്ടില്ലെന്നും താരം പറഞ്ഞു.
എൻ.ശ്രീനിവാസൻ തനിക്ക് പിതൃതുല്യനാണെന്നും താൻ നാട്ടിലേക്ക് മടങ്ങാനുള്ള യഥാർത്ഥകാരണത്തെക്കുറിച്ച് അറിയാതിരുന്നതുകൊണ്ടാണ് അദ്ദേഹം ആദ്യം പരുഷമായി പ്രതികരിച്ചതെന്നും അത് അച്ഛൻ മകനെ ശാസിക്കുന്നതായി കണ്ടാൽ മതിയെന്നുംകാരണമറിഞ്ഞപ്പോൾ അദ്ദേഹം തന്നെ ആശ്വസിപ്പിച്ചതായും റെയ്ന പറഞ്ഞു.
അതേസമയം താൻ മകനെപ്പോലെതന്നെയാണ് റെയ്നയെ പരിഗണിച്ചിരുന്നതെന്നും എന്നാൽ തനിക്ക് കളിക്കാരുടെ മേൽ ഉടമസ്ഥാവകാശമില്ലെന്നും ടീമിന്റെ ഉടമസ്ഥാവകാശം മാത്രമേയുള്ളൂവെന്നും ശ്രീനിവാസൻ പ്രതികരിച്ചു. റെയ്ന മടങ്ങിയെത്തുന്ന കാര്യം തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ലെന്നും അത് ക്യാപ്ടൻ ധോണിയടങ്ങുന്ന ടീം മാനേജ്മെന്റ് തീരുമാനിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.
പ്രശ്നങ്ങൾ എല്ലാം കോംപ്ളിമെന്റ്സാക്കി വീണ്ടും ടീമിലേക്ക് തിരിച്ചുവരാൻ അടുത്ത സുഹൃത്തുകൂടിയായ ധോണിയാണ് മുൻ കൈ എടുത്തതെന്ന് സൂചനയുണ്ട്. കഴിഞ്ഞ സ്വാതന്ത്യദിനത്തിൽ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ റെയ്നയും ഒപ്പം വിരമിച്ചിരുന്നു.
'' എനിക്ക് വീട്ടിലേക്ക് മടങ്ങേണ്ട അടിയന്തരമായ ആവശ്യം ഉണ്ടായതിനാലാണ് അങ്ങനെ ചെയ്തത്. തക്കതായ കാരണമില്ലാതെ 12.5 കോടി പ്രതിഫലം കിട്ടുന്നതിന് ആരെങ്കിലും പുറം തിരിഞ്ഞുനിൽക്കുമോ?. എൻ.ശ്രീനിവാസൻ എനിക്ക് പിതൃതുല്ല്യനാണ്.ചെന്നൈ എനിക്ക് കുടുംബം പോലെയാണ്. അച്ഛൻ മകനെ ശാസിച്ചതിന് തുല്ല്യമായി കണ്ടാൽമതി അദ്ദേഹത്തിന്റെ വാക്കുകൾ. ഞാൻ ഒരു പക്ഷേ ചെന്നൈ സൂപ്പർ കിംഗ്സിനായി ഇനിയും കളിച്ചേക്കില്ലെന്ന് ആർക്കറിയാം." - സുരേഷ് റെയ്ന
ഐ.പി.എല്ലിലെ റെയ്ന
മത്സരങ്ങൾ 193
റൺസ് -5368
വിക്കറ്റ് -25
സെഞ്ച്വറി -1
അർദ്ധസെഞ്ച്വറി -38