കോട്ടത്തറ: ഒരു കുറ്റവും ചെയ്യാത്ത തന്നെ കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദ്ദിച്ചതായി കർഷകനായ കോട്ടത്തറയിലെ പുതിയപറമ്പിൽ ബേബി സ്കറിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് അധികാരികൾക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് സ്റ്റേഷനിൽ നിന്ന് ഫോണിൽ വിളിച്ച് ബേബിയോട് ഉടനെത്താനാവശ്യപ്പെടുകയായിരുന്നു. സഹോദരനോടൊപ്പം സ്റ്റേഷനിലെത്തിയ ബേബിയെ മാത്രം അകത്ത് കയറ്റിയ പൊലീസ്, മദ്യവിൽപ്പന നടത്തിയെന്നാരോപിച്ച് അസഭ്യവർഷം തുടങ്ങി. വൈകുന്നേരം 4 മണിയോടെ സ്റ്റേഷനിലെത്തിയ എസ്.ഐ., ബേബിയോട് നിലത്ത് മുട്ട് കുത്തി കൈകളുയർത്തി നിൽക്കാൻ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നറിയിച്ചിട്ടും, ഒരു മണിക്കൂറോളം അങ്ങനെ നിർത്തി. പിന്നീട് ചുമരിൽ ചാരിനിർത്തി കവിളത്ത് അടിച്ചു.
ബേബി മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന പറഞ്ഞ് സ്റ്റേഷനിലേയ്ക്ക് വന്ന ഒരു ഫോൺ സന്ദേശത്തെ തുടർന്നായിരുന്നു മർദ്ദനം. നേരിട്ട് ഒരു പരാതിയും ലഭിയ്ക്കാതെ തന്നെ പൊലീസ് ബേബിക്കെതിരെ കേസെടുക്കുകയായിരുന്നു. ക്ഷീരകർഷകനായ താനൊരിക്കലും മദ്യവിൽപ്പന നടത്തിയിട്ടില്ലെന്ന് ബേബി പറയുന്നു.
കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ ഇത്തരം സംഭവങ്ങൾ പതിവാകുന്നുണ്ടെന്ന് പൊതുപ്രവർത്തകനായ ജോസ് പടിഞ്ഞാറത്തറ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.