ആലപ്പുഴ: തെങ്ങിൽ നിന്ന് നീര ചെത്തിയെടുക്കാനുള്ള പുതിയ യന്ത്രസംവിധാനവുമായി, സർക്കാർ അധീനതയിലുള്ള കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് (കാംകോ) രംഗത്ത്.
കഴിഞ്ഞ ഏപ്രിലിൽ പുതിയ യന്ത്രസംവിധാനം പരീക്ഷിക്കാനായിരുന്നു കൃഷിവകുപ്പിന്റെ ആലോചനയെങ്കിലും കൊവിഡ് നിയന്ത്രണം മൂലം വൈകുകയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ തെങ്ങിൽ കയറിയാൽ മതിയെന്നതാണ് പുതിയ യന്ത്രത്തിന്റെ പ്രത്യേകത. അറയിലേക്ക് തെങ്ങിൻകുല ഇറക്കി വയ്ക്കും. യന്ത്രത്തെ താഴെയുള്ള ബാറ്ററിയുമായി വയറുപയോഗിച്ച് ബന്ധിപ്പിക്കും.കുലയിൽ ക്രമത്തിൽ അടിച്ച് നീരെടുക്കുന്ന ജോലി യന്ത്രം തന്നെ ചെയ്യും. ഇതിൽ നിന്ന് ട്യൂബിലൂടെ താഴേക്ക് എത്തുന്ന നീര ഓരോ ദിവസവും കുപ്പിയിൽ ശേഖരിച്ച് സംസ്കരിക്കാം. ആഴ്ചയിലൊരിക്കൽ തെങ്ങിൻകുല മാറ്റി ഘടിപ്പിക്കാം. മെഷീനിന്റെ വില നിശ്ചയിച്ചിട്ടില്ല.
തൊഴിലാളികളില്ല
കേരകർഷകരുടെ വരുമാനം കൂട്ടാൻ സർക്കാർ നടപ്പാക്കിയ നീര ഉത്പാദന പദ്ധതി പരിശീലനം കിട്ടിയ തൊഴിലാളികളുടെ ക്ഷാമം മൂലമാണ് നിശ്ചലമായത്. നാളികേര വികസന കോർപറേഷന്റെ കണ്ണൂർ ആറളം ഫാമിൽ മാത്രമാണ് ഇപ്പോൾ നീര ഉത്പാദനം. കേന്ദ്രസർക്കാരിന്റെ സ്കിൽ ഡെവലപ്മെന്റ് പദ്ധതിപ്രകാരമുള്ള ഫണ്ടുപയോഗിച്ച് സംസ്ഥാന കൃഷിവകുപ്പ് 2000 ത്തോളം തൊഴിലാളികൾക്ക് ടാപ്പിംഗിൽ പരിശീലനം നൽകിയെങ്കിലും നിത്യേനയുള്ള മരംകയറ്റം ബുദ്ധിമുട്ടായതിനാൽ അവരെല്ലാം മറ്റു വഴിക്ക് പോയി.
കമ്പനികൾ നിലച്ചു
7200ൽ അധികം നാളികേര ഉത്പാദക സംഘങ്ങളിലെ കർഷകർ സമാഹരിച്ച ഓഹരിമൂലധനത്തിലാണ് പ്രത്യേക കമ്പനികൾ രൂപീകരിച്ച് നീര ഉത്പാദനം തുടങ്ങിയത്. 29 ഉത്പാദന കമ്പനികൾ രൂപീകരിച്ചതിൽ 12 എണ്ണം പ്രവർത്തനം തുടങ്ങി. തൊഴിലാളികളില്ലാത്തതിനാലും വരുമാനം കുറവായതിനാലും കമ്പനികൾ നിലച്ചു.
വലിയ ചെലവ്
ഒരു ലിറ്റർ നീര ഉത്പാദിപ്പിക്കുമ്പോൾ ചെത്തുതൊഴിലാളിക്കും കർഷകനും സംസ്കരണത്തിനും 40 രൂപ വീതമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വില്പനയിലൂടെ ഈ തുക തിരികെ കിട്ടില്ലെന്നത് പ്രതിസന്ധിയായി. ശീതളപാനീയ കമ്പനികളുടെ സമ്മർദ്ദം മറ്റൊരു വഴിക്കും.