കൊച്ചി: ഉണക്കമീൻ മുതൽ മരുന്നു വരെ അന്യനാട്ടിലായ പ്രിയപ്പെട്ടവർക്ക് പാഴ്സലായി അയച്ചു തുടങ്ങിയതോടെ കൊറിയർ സർവീസുകൾക്ക് നല്ലകാലം. കൊവിഡിൽ വാണിജ്യ പാഴ്സലുകൾ കുറഞ്ഞത് വരുമാനം കുറഞ്ഞെങ്കിലും ഉപഭോക്താക്കൾ കൂടിയ സന്തോഷത്തിലാണ് കൊറിയർ കമ്പനികൾ. ഓണക്കാലം കൊറിയറുകാർക്ക് മെച്ചമായിരുന്നു.
വിദേശരാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും പാഴ്സലുകൾ ധാരാളമുണ്ടായി. നിരക്കു കുറവു തന്നെയാണ് ആകർഷണം. 50 രൂപ മുതലാണ് നിരക്ക്. കെ.എസ്.ആർ.ടി.സി, റെയിൽവേ തുടങ്ങിയവയുടെ പാഴ്സൽ സർവീസുകളിൽ കുറവുവന്നത് സ്വകാര്യ കൊറിയർ സർവീസുകൾക്ക് ഗുണം ചെയ്യുന്നുണ്ട്.
ഓണക്കോടിയും പാഴ്സൽ
ഓണക്കോടിയും ഓണസമ്മാനങ്ങളും പാഴ്സലുകളിൽ പറന്നു. കളിപ്പാട്ടങ്ങളും കൊറിയർ വഴിയാണ് കുഞ്ഞുങ്ങളുടെ കൈകളിലെത്തുന്നത്.
ഭക്ഷ്യ വസ്തുക്കളും പാഴ്സൽ
ഉണക്കമീൻ, ഉണക്ക ചെമ്മീൻ തുടങ്ങി കൂടുതൽ കാലം സൂക്ഷിക്കാവുന്ന സാധനങ്ങളാണ് സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത്. ഓർഗാനിക്ക് പച്ചക്കറികളും ഇതിൽ ഉൾപ്പെടുന്നു.
അന്യനാടുകളിലേക്ക് മരുന്നുകൾ
മരുന്ന് ക്ഷാമം നേരിടാൻ കേരളത്തിൽ നിന്ന് പാഴ്സലായി മരുന്നുകൾ അയക്കുന്നവരുണ്ട്. കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകളാണ് ഇതിലേറയും. വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ എത്തിക്കാനുള്ള സന്നദ്ധത ഡി.എച്ച്.എൽ കൊറിയർ കമ്പനി നോർക്ക റൂട്ട്സിനെ അറിയിച്ചു. പായ്ക്ക് ചെയ്യാത്ത മരുന്ന്, ഒർജിനൽ ബിൽ, മരുന്നിന്റെ കുറിപ്പടി, അയയ്ക്കുന്ന ആളിന്റെ ആധാർ കോപ്പി എന്നിവ സഹിതം കൊച്ചിയിലെ ഓഫീസിൽ എത്തിക്കണം.
പുറത്തിറങ്ങാൻ പേടി
പലയിടങ്ങളിലും ആളുകൾക്ക് പുറത്തേക്ക് പോവാനുള്ള പേടി മൂലമാണ് പാഴ്സൽ സർവീസുകളെ ആശ്രയിക്കുന്നത്. ബിസിനസിൽ വൻകുറവ് വന്നെങ്കിലും വാക്കിംഗ് കസ്റ്റമേഴ്സ് (ഒരു തവണ പാഴ്സൽ അയക്കുന്നവർ) എണ്ണത്തിൽ വലിയ വർദ്ധനവുണ്ട്.
ഇഗ്നേഷ്യസ്
ഡി.ടി.ഡി.സി കൊറിയേഴ്സ് ആൻഡ് കാർഗോ ലിമിറ്റഡ്