ലോസാഞ്ചൽസ്: അമേരിക്കയിൽ കറുത്തവർഗക്കാർക്കെതിരായ പൊലീസ് ക്രൂരതയിൽ വ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ, ലോസാഞ്ചലൽസിൽ ആഫ്രോ- അമേരിക്കൻ വംശജനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. സൈക്കിൾ യാത്രികനായ ദിജോസ് കിസ്സിയെയാണ് (29) പൊലീസ് പിന്നിൽ നിന്നും 20 തവണ വെടിവച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ലൊസാഞ്ചലസിലായിരുന്നു സംഭവം.പൊലീസ് ഭീകരതയ്ക്കും വംശീയതയ്ക്കുമെതിരെ യു.എസിൽ പ്രതിഷേധം ഉയരുന്നതിനു പിന്നാലെയാണ് മറ്റൊരു കറുത്തവർഗക്കാരൻ കൂടി കൊല്ലപ്പെട്ടത്.
സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കിസ്സിയെ വാഹനം നിയമം പാലിച്ചില്ലെന്ന് കാട്ടി പൊലീസ് തടയാൻ ശ്രമിച്ചു. എന്നാൽ കിസ്സി സൈക്കിൾ ഉപേക്ഷിച്ച് , പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെന്നും പിന്നാലെ പിന്തുടർന്ന് കിസ്സിയെ പിടികൂടിയ ശേഷം വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. കിസ്സി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിടിക്കപ്പെടുമ്പോൾ കിസ്സിയുടെ വസ്ത്രങ്ങൾക്കുള്ളിൽ കൈത്തോക്ക് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.
കിസ്സിക്ക് 20 തവണയിലേറെ വെടിയേറ്റതായി മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. കിസിയുടെ മുഖത്ത് പൊലീസുകാരൻ ഇടിച്ചെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ വെടിയേൽക്കുമ്പോൾ കിസ്സി തോക്ക് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നോ എന്ന് വ്യക്തമല്ല. അയാൾ തോക്ക് നേരത്തെ താഴെ ഇട്ടിരുന്നില്ലേയെന്നും വെടിയേൽക്കുമ്പോൾ അയാൾ ആയുധധാരിയല്ലായിരുന്നല്ലോ എന്നുമുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു പൊലീസ് അധികൃതരുടെ മറുപടി.
കിസ്സിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം പേർ സംഭവസ്ഥലത്തെത്തി പ്രതിഷേധിച്ചു.
എല്ലാവരെയും ഇങ്ങനെ കൊന്നു കളയാനാണെങ്കിൽ എന്തിനാണ് നിയമസംവിധാനം എന്ന് ചോദിച്ച് നഗരമെങ്ങും പ്രതിഷേധം ഉയർന്നു.
മൂന്നു മാസം മുമ്പ് ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം നിരായുധനായ ജോർജ് ബ്ലേക്ക് എന്ന യുവാവിനെ പൊലീസ് വെടിവച്ചു. സ്വന്തം മക്കളുടെ മുന്നിൽ വച്ചായിരുന്നു ഇത്. ഇയാളുടെ അരയ്ക്ക് കീഴോട്ട് ചലനശേഷി നഷ്ടപ്പെട്ടു.