ചെങ്ങന്നൂർ: തിരുവോണനാളിൽ പിങ്ക് പൊലീസ് വാഹനാപകടത്തിൽ പരിക്കേറ്റ വയോധികയ്ക്ക് രക്ഷകരായി. എം.സി റോഡിൽ മുളക്കുഴ പള്ളിപ്പടി ഭാഗത്താണ് വാഹനമിടിച്ച് വൈകിട്ട് നാലരയോടെ അവശനിലയിൽ മുളക്കുഴ കാരയ്ക്കാട് ലക്ഷം വീട് കോളനിയിൽ, കാരിക്കിലേത്ത് സാവിത്രി (75) കിടന്നത്. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നറിയിച്ചതനുസരിച്ച് ടൗണിൽ പെട്രോളിംഗ് നടത്തുകയായിരുന്ന പിങ്ക് പൊലീസ് സ്ഥലത്തെത്തി.
തിരുവോണ ദിവസമായതിനാൽ റോഡിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ചോരയിൽ കുളിച്ചുകിടന്ന സാവിത്രിയെ പൊലീസ് വാഹനത്തിൽ കയറ്റി ചെങ്ങന്നൂർ ഗവ: ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിങ്ക് ഡ്യൂട്ടി ഓഫീസർ ദീപ ടി.ആർ , സിവിൽ ഡബ്ള്യൂ പി.സി ഒ മാരായ പ്രിയാ പ്രസന്ന കുമാരി, ബിന്ദു. എസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.