പ്രതികളെ പിടികൂടുന്നതിനിടെ എസ്.ഐയ്ക്ക് പരിക്ക്
ഇരവിപുരം: വാളത്തുംഗലിൽ രാത്രികാലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കൂടിനിന്നത് ചോദ്യം ചെയ്ത ലൈബ്രറി പ്രവർത്തകരെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിലായി. വാളത്തുംഗൽ വയനക്കുളം ബാപ്പുജി നഗർ 186 കിഴക്കേവീട്ടിൽ സബീർ (26), ചാത്തന്നൂർ മീനാട് താഴം വടക്ക് റോയൽ ആശുപത്രിക്ക് സമീപം വയലിൽ പുത്തൻവീട്ടിൽ ആഷിഖ് (20), പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 155 അലി മൻസിലിൽ 'പണ്ടം നിഷാദ്' എന്ന് വിളിക്കുന്ന നിഷാദ് (30) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവോണ ദിവസം രാത്രി പത്തരയോടെ വാളത്തുംഗൽ ലിയോ ക്ലബിന് സമീപമായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ ഇവിടെ കാണപ്പെട്ട പ്രദേശവാസികളല്ലാത്ത യുവാക്കളെ ലൈബ്രറി പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം സംഘടിച്ചെത്തിയ യുവാക്കൾ ലൈബ്രറി പ്രവർത്തകനായ മന്നം മെമ്മോറിയൽ എച്ച്.എസ്.എസിന് സമീപം ലിയോ നഗർ 4 ശ്രീഭവനിൽ ശ്രീജിത്തിനെയും (39) ഒപ്പമുണ്ടായിരുന്ന ചിലരെയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.
കൊല്ലം എ.സി.പി പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സംഘം പരിശോധനയ്ക്കായി ഇവിടെയെത്തി. പൊലീസ് വളഞ്ഞതറിഞ്ഞ് മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്. ഇതിനിടെ പൊലീസ് സംഘത്തിലെ എസ്.ഐ ദീപുവിന് കൈയ്ക്ക് പരിക്കേറ്റു. ഇരവിപുരം എസ്.ഐ എ.പി. അനീഷ്, ദീപു, എ.എസ്.ഐ ഷിബു ജെ. പീറ്റർ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായത് മയക്കുമരുന്ന് സംഘമെന്ന്
ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പിടിയിലായവർക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഒപ്പമുണ്ടായിരുന്ന സംഘത്തിലെ പ്രധാനിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാളത്തുംഗൽ ചിറവയൽ ഭാഗത്ത് ആളൊഴിഞ്ഞ വീടും പുരയിടങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തവ്യാപാരം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ വന്നുപോകുന്നവരെ പൊലീസ് നിരീക്ഷിച്ച് വരികയാണ്.