മല്ലപ്പള്ളി- മുൻവൈരാഗ്യത്തെ തുടർന്ന് വായ്പ്പൂര് മാർക്കറ്റ് ജംഗ്ഷനിൽ അക്രമം നടത്തിയ ആറ് യുവാക്കളെ പെരുമ്പെട്ടി പൊലീസ് അറസ്റ്റുചെയ്തു. കോട്ടാങ്ങൽ കുളത്തൂർ വെട്ടുവേലിൽ റ്റിജോ പി.വി. (24), ചൂരക്കുറ്റിതടത്തിൽ അഭിജിത് (25), ചൂരക്കുറ്റിതടത്തിൽ അജിത് (22), കാടിക്കാവ് ചേംബ്ലാനിക്കൽ റോബിൻ തോമസ് (22), തിരുവൻമുറിയിൽ ജെസ്വിൻ (23), ചൂരക്കുറ്റിത്തടത്തിൽ സൂരജ് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം മാർക്കറ്റ് ജംഗ്ഷനിലെ വ്യാപാരിയായ സന്തോഷ് ഇസ്മായിലിന്റെ കടയിൽ മദ്യലഹരിയിൽ ആക്രമണം നടത്തുന്നതിനിടെ തടസംപിടിക്കാനെത്തിയ മറ്റൊരു വ്യാപാരിയായ വായ്പ്പൂര് ഊട്ടുകുളം മൂലേപ്പുറത്ത് ഇസ്മായിൽ റാവുത്തർ (67) നെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. അക്രമത്തിന്റെ വീഡിയോ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ച മൂന്ന് ബൈക്കുകൾ പിടിച്ചെടുത്തു. പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. എസ്.ഐമാരായ എം.ജെ സുരേഷ്, രാജേഷ്കുമാർ, എസ്.സി.പി.ഒ. പി.എച്ച് അൻസിം, സി.പി.ഒമാരായ ബിനു, നെബു എന്നിവരും പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.