കംബോഡിയ: കംബോഡയിലെ ഖമർ റൂഷ് ഭരണകാലത്ത് എതിരാളികളെ നിഷ്ക്കരുണം കൊലപ്പെടുത്തി ഭീകരത പടർത്തിയ കോമ്രേഡ് ഡോയിക് എന്ന കയിങ് ഗ്യേക്ക് ഈവ് (77) അന്തരിച്ചു.
യു.എൻ കോടതി ശിക്ഷ വിധിച്ചതിന് ശേഷം ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു അദ്ദേഹം.
1970 കളുടെ അവസാനത്തിൽ ആയിരക്കണക്കിന് ആളുകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കുപ്രസിദ്ധമായ ടുവോൾ സ്ലെങ് ജയിലിലെ 'ആരാച്ചാർ തലവൻ' കയിങ് ആയിരുന്നു.
1975 മുതൽ 1979 വരെ കമ്പോഡിയയെ നിയന്ത്രിച്ച മാവോയിസ്റ്റ് ഭരണകൂടമായ ഖമർ റൂഷിന് കീഴിൽ 20 ലക്ഷത്തോളം ആളുകൾ മരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഖമർ റൂഷ് ഭരണകാലത്തെ ഏറ്റവും കുപ്രസിദ്ധമായ പീഡന കേന്ദ്രമായ ടുവോൾ സ്ലെംഗ് എന്നറിയപ്പെടുന്ന എസ് 21 തടവു കേന്ദ്രമായിരുന്നു കോമ്രേഡ് ഡോയിക് നടത്തിയിരുന്നത്. ഭരണകൂടത്തിന്റെ ശത്രുക്കളായി കണക്കാക്കപ്പെട്ടിരുന്ന 15,000ത്തോളം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ ജയിലിൽ വച്ച് കൊല്ലപ്പെട്ടുവെന്നാണ് വിവരം.
1940ലാണ് കോമ്രേഡ് ഡോയികിന്റെ ജനനം. അദ്ധ്യാപകനായിരിക്കെ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. വിയറ്റ്നാം യുദ്ധം അയൽരാജ്യമായ കംബോഡിയയിലേക്ക് വ്യാപിക്കുമെന്നായപ്പോൾ ഡച്ച് ഖമർ റൂഷ് നേതാവ് പോൾ പോട്ടിന്റെ കീഴിൽ കമ്മ്യൂണിസ്റ്റ് വിമതരോടൊപ്പം ചേർന്നു. 1975ൽ വിമതർ നിയന്ത്രണം ഏറ്റെടുത്ത ശേഷം അദ്ദേഹം ടുവോൾ സ്ലെങിന്റെ ഡയറക്ടറായി.
1979ൽ വിയറ്റ്നാമീസ് അധിനിവേശം ഖമർ റൂഷിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയപ്പോൾ, മറ്റ് നേതാക്കൾക്കൊപ്പം ഒളിവിൽ പോയി. തായ് അതിർത്തിക്കടുത്തുള്ള ഗ്രാമത്തിൽ വ്യാജപേരിൽ ജീവിച്ചിരുന്ന കയിങിനെ 1999 ൽ ഒരു പത്രപ്രവർത്തകൻ തിരിച്ചറിഞ്ഞു. തുടർന്നുള്ള അഭിമുഖങ്ങളിൽ, ടുവോൾ സ്ലെങ്ങിലെ അതിക്രമങ്ങളിൽ കുറ്റസമ്മതം നടത്തി. 'അറസ്റ്റിലായവർ മരിക്കണം. അത് ഞങ്ങളുടെ പാർട്ടിയുടെ തീരുമാനമായിരുന്നു.'- കയിങ് പറഞ്ഞു.
പത്തുവർഷത്തിനുശേഷം, യുഎൻ പിന്തുണയുള്ള ട്രൈബ്യൂണലിനെ അഭിമുഖീകരിച്ച അദ്ദേഹം സ്വയം ഖേദം പ്രകടിപ്പിക്കുകയും ഇരകളുടെ ബന്ധുക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു.