റെയിൽവേയുടെ അനുമതി ഉടൻ
കോഴിക്കോട്: കേരളത്തിലെ ആദ്യ റോ-റോ ട്രെയിൻ സർവീസിന് പച്ചക്കൊടി കാട്ടാൻ റെയിൽവേ ബോർഡ്. ചരക്ക് കടത്ത് വേഗത്തിലാക്കുന്ന ട്രെയിൻ സർവീസിന് ഈയാഴ്ചയോ അടുത്തയാഴ്ച ആദ്യമോ അനുമതി നൽകിയേക്കും.
തത്ക്കാലം കോഴിക്കോട് വെസ്റ്റ് ഹിൽ വരെ അനുമതി നൽകാനാണ് സാദ്ധ്യത. ഷൊർണൂർ വരെയുള്ള പരീക്ഷണ ഓട്ടം വിജയകരമായിരുന്നെങ്കിലും കോഴിക്കോട് റെയിൽവേ സ്റ്റേഷന് തൊട്ടുമുമ്പുള്ള മേൽപ്പാലവും തിരൂർ റെയിൽവേ മേൽപ്പാലവും തടസമാകുമോയെന്ന കാരണത്താൽ ഒഴിവാക്കണമെന്ന അഭിപ്രായവുമുണ്ട്.
ദക്ഷിണ റെയിൽവേയിൽ സേലം ഡിവിഷനിൽ നടത്തിയ പരീക്ഷണ ഓട്ടവും വിജയകരമായിരുന്നു. രണ്ട് അപേക്ഷകളും ഒന്നിച്ചാണ് അയച്ചതെങ്കിലും റോ - റോ സർവീസിൽ വൈദഗ്ദ്ധ്യമുള്ള കൊങ്കൺ പാതയുടെ തുടർച്ചയായി വരുന്ന പാലക്കാട് ഡിവിഷനാണ് മുൻഗണന.കൊവിഡ് മൂലം പാസഞ്ചർ ട്രെയിനുകൾ നിലച്ചതിലൂടെയുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ചരക്ക് കടത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് റെയിൽവേ ബോർഡിനുള്ളത്.
റോ-റോ സർവീസ് പൂർണമായും കേരളത്തിന് ഗുണകരമാവണമെങ്കിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലോറികളെത്തുന്ന എറണാകുളം വരെ നീട്ടണം. എന്നാൽ ഷൊർണൂർ യാർഡിലെ മേൽപ്പാലം തടസമാണ്.കേരളത്തിലെ വ്യാപാരി-വ്യവസായികൾക്കും റോ- റോ സർവീസിനോട് താല്പര്യമുണ്ട്. കൊവിഡ് വ്യാപനം മൂലം ലോറികൾക്ക് ദൂരസ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ കഴിയുന്നില്ല. തൊഴിലാളികൾക്ക് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാത്ത പ്രശ്നങ്ങളുമുണ്ട്. റോ - റോ ഇതിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ചരക്ക് കൂലിയും ഗണ്യമായി കുറയും. പല കാരണങ്ങളാൽ ലോറികൾ നിറുത്തിയിടുന്നത് ഒഴിവാക്കാനും ചരക്കുകൾ കേടുകൂടാതെ എത്തിക്കുന്നതിനും സഹായമാവും.