ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) കഴിഞ്ഞ സാമ്പത്തിക വർഷം 25.17 ശതമാനം കുതിപ്പോടെ 2.19 കോടി പുതിയ പ്രീമിയങ്ങൾ വിറ്റഴിച്ചു. ആറുവർഷത്തിനിടയിലെ റെക്കാഡ് വില്പനയാണിത്. ഇതിലൂടെ
1.78 ലക്ഷം കോടി രൂപയുടെ വരുമാനവും ലഭിച്ചു. പുതു പ്രീമിയത്തിൽ 68.74 ശതമാനവും മൊത്തം പോളിസികളിൽ 75.90 ശതമാനവുമാണ് എൽ.ഐ.സിയുടെ വിപണിവിഹിതം. 65-ാം വാർഷികനിറവിലേക്ക് കടക്കുന്ന എൽ.ഐ.സിക്ക് കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 31.96 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. 1957ൽ ഇത് 381.9 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം 1.59 ലക്ഷം കോടി രൂപ മതിക്കുന്ന 215.98 കോടി ക്ളെയിമുകൾ തീർപ്പാക്കിയെന്നും എൽ.ഐ.സി വ്യക്തമാക്കി. കേരളം ഉൾപ്പെടുന്ന ദക്ഷിണമേഖല, കഴിഞ്ഞവർഷം 5,672 കോടി രൂപ മതിക്കുന്ന 18 ലക്ഷം പുതു പ്രീമിയങ്ങളാണ് നേടിയത്.