ന്യൂഡൽഹി:പൗരത്വ സമരത്തിൽ പങ്കെടുത്തതിന് യു.പി സർക്കാർ തടങ്കലിലാക്കിയ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
'എന്റെ വാക്കുകൾ കലാപത്തിന് പ്രേരിപ്പിക്കുന്നതല്ലെന്ന് വിധിച്ച കോടതിയോട് എനിക്ക് അത്യധികം നന്ദിയുണ്ട്. അവസാനമായി ഞാൻ നന്ദി പറയുന്നത് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനോടാണ്. മുംബയിൽ നിന്നും മഥുരയിലേക്ക് കൊണ്ട് വരുന്നതിനിടയിൽ എന്നെ എൻകൗണ്ടറിൽ കൊന്ന് കളയാത്തതിന്.'-കഫീൽ ഖാൻ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ കഫീൽഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ, രാത്രിയായിട്ടും അദ്ദേഹത്തെ മഥുര ജയിലിൽ നിന്ന് പുറത്തിറക്കുന്നില്ലെന്ന് ഭാര്യ ഡോ. ഷബിസ്ത ഖാൻ ആരോപിച്ചിരുന്നു. കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ വീണ്ടും ഹർജി നൽകുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ഇതിന് പിന്നാലെയാണ് മോചനം. ഉത്തർപ്രദേശ് സർക്കാർ വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീൽ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു.