തിരുവനന്തപുരം: മഹാവിഷ്ണുവിന്റെ അവതാരമായി ആരാധിക്കുന്ന വാമന മൂർത്തിയെ അവഹേളിച്ച് മന്ത്രി തോമസ് ഐസക്കും, ഹൈബി ഈഡൻ എം.പിയും പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ഹിന്ദു സമൂഹത്തിന്റെ വിശ്വാസ, വികാര, സങ്കൽപ്പങ്ങളെ വൃണപ്പെടുത്തിയതായി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഒരു മത വിഭാഗത്തിന്റെ വിശ്വാസത്തെ പിച്ചിച്ചീന്തുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. വിയോജിക്കാം, പക്ഷേ അസത്യ പ്രചാരം വഴി വൃണപ്പെടുത്തിയും കുത്തിനോവിച്ചും ഒതേജാവധം ചെയ്തുമാവരുത്. മൂന്നടി അളന്ന ത്രിവിക്രമനായ വാമനനെ മനസിലാക്കാനുള്ള പക്വതയും വിവരവുമില്ലെങ്കിൽ അക്കാര്യം തുറന്നു പറയുക. പുരാണ കഥയിലെ ആത്മതത്വ ദർശനം ഉൾക്കൊള്ളാനോ വിശദീകരിക്കാനോ ഭൗതിക തലത്തിൽ മാത്രം വ്യാപരിക്കുന്ന തോമസ് ഐസക്കിനും ഹൈബി ഈഡനും സാധിച്ചുവെന്ന് വരില്ല-കുമ്മനം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.