പിടിയിലായ പ്രതിയുടെ മൊഴി പുറത്തുവിട്ടു
കോഴിക്കോട്: ബംഗളൂരുവിൽ കഴിഞ്ഞയാഴ്ച പിടിയിലായ ലഹരി മരുന്ന് കള്ളക്കടത്ത് സംഘവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കേസിലെ പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് വേണ്ടി ബിനീഷ് പണം മുടക്കി. ഇക്കാര്യങ്ങൾ വെളുപ്പെടുത്തി അനൂപ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയ മൊഴിയും ഫിറോസ് പുറത്തുവിട്ടു. കേസിൽ അറസ്റ്റിലായ ടിവി -സീരിയൽ നടി അനിഖ, റിജേഷ് രവീന്ദ്രൻ എന്നിവരുടെ മൊഴിയും ലഭ്യമാണെന്ന് ഫിറോസ് പറഞ്ഞു.
മയക്കുമരുന്ന് വില്പന നടത്തുന്ന ഹോട്ടലിന് ആദ്യഘട്ടത്തിൽ ബിനീഷ് പണം മുടക്കിയെന്നാണ് അനൂപിന്റെ മൊഴി. 2015ൽ ആരംഭിച്ച ഹോട്ടലാണിത്. 2013 മുതൽ മയക്കുമരുന്ന് കച്ചവടമുണ്ട്. 2019ൽ തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയർപ്പിച്ച് ബിനീഷ് ഫേസ്ബുക്ക് ലൈവിൽ സംസാരിച്ചു. ലോക്ക് ഡൗൺ കാലത്ത് ജൂൺ 21ന് കുമരകത്ത് നടന്ന നൈറ്റ് പാർട്ടിയിൽ ബിനീഷ് പങ്കെടുത്തു. അനൂപ് ഫേസ് ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റുകളെല്ലാം ബിനീഷുമായി ബന്ധപ്പെട്ടതാണ്.
സ്വപ്ന സുരേഷ് ബംഗളൂരുവിൽ പിടിയിലായ ജൂലായ് 10ന് അനൂപിന്റെ ഫോണിലേക്ക് വന്ന കാൾ വിശദാംശങ്ങൾ പരിശോധിച്ചാൽ പല വിവരങ്ങളും ലഭിക്കും. കേരളത്തിലെ നിരവധി പേർ അനൂപിനെ ബന്ധപ്പെട്ടിട്ടുണ്ട്. അനൂപിന്റെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ഫോൺ നമ്പരുകളുണ്ട്. കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായ ബംഗളൂരുവിലെ റോയൽ അപ്പാർട്ട്മെന്റ് സ്യൂട്ടിൽ ബിനീഷ് നിത്യസന്ദർശകനാണ്. സിനിമാ താരങ്ങളുമായും രാഷ്ട്രീയ നേതൃത്വവുമായും മയക്കുമരുന്ന് മാഫിയയ്ക്കുള്ള ബന്ധം സമഗ്രമായി അന്വേഷിക്കണം- ഫിറോസ് ആവശ്യപ്പെട്ടു.
അനൂപിനെ അറിയാം, മറ്രുബന്ധങ്ങളില്ല: ബിനീഷ്
കണ്ണൂർ : മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ പിടിയിലായ ലഹരി സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ ആരോപണം ബിനീഷ് കോടിയേരി നിഷേധിച്ചു. അനൂപിനെ വർഷങ്ങളായി അറിയാം. ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്ന് അറിയില്ല. ഈ വാർത്ത വലിയ അദ്ഭുതമുണ്ടാക്കി. അനൂപിന്റെ മാതാപിതാക്കളും ഈ വിവരമറിഞ്ഞ് ഞെട്ടിയെന്ന് ബിനീഷ് പറഞ്ഞു.
കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചാണ് 2013ൽ അനൂപിനെ പരിചയപ്പെടുന്നത്. അന്നുമുതൽ അടുത്ത ബന്ധമുണ്ട്. പല ബിസിനസുകളും നടത്തി സാമ്പത്തികമായി അങ്ങേയറ്റം തകർന്ന് നിൽക്കുന്ന അനൂപിനെയാണ് എനിക്കും സുഹൃത്തുക്കൾക്കും അറിയാവുന്നത്. ലഹരി സംഘത്തിൽ പെട്ടതെങ്ങനെയെന്നോ അതിനുള്ള സാഹചര്യമോ അറിയില്ല. ലോക്ക് ഡൗൺ കാലത്ത് നിശാപാർട്ടി സംഘടിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അതിന്റെ പേരിൽ പ്രചരിപ്പിക്കുന്ന ഫോട്ടോ 2017ലേതാണ്.