തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ പെരിയ ഇരട്ടക്കൊലപാതകം യു.ഡി.എഫിന് ശക്തമായ രാഷ്ട്രീയായുധമായെങ്കിൽ, തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം അവർക്ക് പ്രഹരമായി.
വടക്കേ മലബാറിൽ ഒരു കാലത്ത് അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീടിങ്ങോട്ട് നിലനിറുത്തിപ്പോന്ന സമാധാന രാഷ്ട്രീയവക്താക്കളെന്ന പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നതായി വെഞ്ഞാറമൂട് സംഭവം. ആ തിരിച്ചറിവ് കോൺഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന വാദഗതികളിലൂടെ അതിനെ മറികടക്കാനുള്ള ശ്രമത്തിന്, സംഭവം രാഷ്ട്രീയക്കൊലപാതകമെന്ന പൊലീസ് റിപ്പോർട്ട് തിരിച്ചടിയേകുന്നതാണ്. എങ്കിലും കൊലയ്ക്കിരയായവരുടെ പക്കലും ആയുധങ്ങളുണ്ടായിരുന്നെന്ന വെളിപ്പെടുത്തൽ പിടിവള്ളിയാക്കുകയാണ് കോൺഗ്രസ്.
സ്വർണക്കടത്ത് വിവാദം തൊട്ട് രാഷ്ട്രീയഗോദയിൽ മേൽക്കൈ നേടിനിന്ന യു.ഡി.എഫിന് താത്കാലികമായെങ്കിലും തിരിച്ചടി സമ്മാനിക്കുന്നതാണ് വെഞ്ഞാറമൂട് സംഭവം. കൊലപാതകത്തെ ആഘോഷിക്കുന്ന പാർട്ടിയാണ് സി.പി.എം എന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ആക്ഷേപത്തിന് പെരിയ സംഭവത്തെ കോൺഗ്രസ് ആഘോഷിച്ചില്ലേയെന്നാണ് സി.പി.എം മറുപടി.
കൊവിഡ് പ്രതിരോധത്തിൽ കാര്യക്ഷമമായ ഇടപെടലുകളിലൂടെ സർക്കാർ നേടിയെടുത്ത പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു തുടങ്ങിയത് സ്പ്രിൻക്ലർ ഡേറ്റ കരാർ വിവാദത്തോടെയാണ്. സ്വർണക്കടത്ത് വന്നതോടെ സി.പി.എമ്മും സർക്കാരും തീർത്തും പ്രതിരോധത്തിലായപ്പോൾ വർദ്ധിത ഊർജത്തോടെ യു.ഡി.എഫ് മുന്നേറ്റം നടത്തി. ലൈഫ് കോഴ വിവാദം മറ്റൊരു വെടിമരുന്നായി. നിയമസഭയിൽ അവിശ്വാസപ്രമേയം പരാജയപ്പെട്ടെങ്കിലും തൊട്ടടുത്ത ദിവസം സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തവും പിന്നാലെ പി.എസ്.സി റാങ്ക് ജേതാവിന്റെ ആത്മഹത്യയും യു.ഡി.എഫിന് സർക്കാരിനെ ആക്രമിക്കാൻ ലഭിച്ച വജ്രായുധങ്ങളായി.
ഈ മുന്നേറ്റങ്ങൾക്ക് മങ്ങലേല്പിക്കുന്നതാണ് വെഞ്ഞാറമൂട് കൊലപാതകത്തെ ചൊല്ലിയുയരുന്ന വിവാദങ്ങൾ. തിരുവോണത്തലേന്നാണ് വെഞ്ഞാറമൂട് കൊലപാതകമെങ്കിൽ, ആഗസ്റ്റ് മാസത്തിൽ തന്നെയായിരുന്നു കായംകുളത്ത് നടന്ന സി.പി.എം പ്രവർത്തകന്റെ കൊലപാതകവും. ഇതിലും കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിറുത്തിയുള്ള ആക്രമണമാണ് സി.പി.എമ്മിന്റേത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങവേ കൊലപാതകങ്ങളെ മുൻനിറുത്തി കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ഇടതു മുന്നണി കൊണ്ടുപിടിച്ച് ശ്രമിക്കുമെന്നതിന്റെ സൂചനകൾ വന്നുകഴിഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കർമ്മപദ്ധതികളെ ലക്ഷ്യത്തിലെത്തിക്കാനുള്ള ഊർജിതശ്രമവും ഇതിനൊപ്പം നടത്തും. അങ്ങനെ രാഷ്ട്രീയ വിവാദങ്ങളെ മറികടക്കാനുള്ള ബദൽ തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിനു മറു തന്ത്രം മെനയുകയാണ് യു.ഡി.എഫിനു മുന്നിലെ വെല്ലുവിളി.
സി.ബി.ഐ അന്വേഷിക്കണമെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കാൻ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് സ്ഥലം എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശ് ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ, തന്റേടവും ധൈര്യവും ഉണ്ടെങ്കിൽ ഈ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാരാണ്. തിരുവനന്തപുരം റൂറൽ എസ്.പിയുടേതടക്കമുള്ള രാഷ്ട്രീയ ചരിത്രം എല്ലാവർക്കുമറിയാം. എസ്.പിയെ മാറ്റിനിറുത്തി കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കണം. കൊലപാതകം നടന്നദിവസം ദുരൂഹമായ പല ഇടപെടലുകളും വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നടന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉൾപ്പെടെയുള്ളവർ അർദ്ധരാത്രി രണ്ടരയ്ക്ക് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതൊക്കെ അന്വേഷിക്കാൻ തയ്യാറാവണം. സ്റ്റേഷനിലെ സിസി ടിവി പരിശോധിക്കണം.
സംഭവത്തിൽ തനിക്ക് പങ്കുണ്ടെന്ന മന്ത്രി ഇ.പി.ജയരാജന്റെയും സി.പി.എം നേതാക്കളുടെയും ആരോപണം കരുതിക്കൂട്ടി അപമാനിക്കാനുള്ള തന്ത്രണമാണെന്നും അടൂർ പ്രകാശ് പറഞ്ഞു. മണ്ഡലത്തിലെ പലരും വിളിക്കാറുണ്ട്. എന്നാൽ തെറ്റായ കാര്യങ്ങൾക്ക് കൂട്ടുനിൽക്കാറില്ല. അർഹതയുള്ള കാര്യങ്ങൾക്ക് സഹായിക്കാൻ കഴിയുമെങ്കിൽ ചെയ്യും. അതിൽ രാഷ്ട്രീയം നോക്കാറില്ല. അദ്ദേഹം വ്യക്തമാക്കി.
പെരിയ സംഭവത്തിന്റെ പ്രതികാരം : കോടിയേരി
കൊച്ചി: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന്റെ പ്രതികാരമാണ് വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പെരിയയിലെ കൊലപാതകത്തിന് പകരം ചെയ്യുമെന്ന് കോൺഗ്രസ് വിളിച്ചുപറഞ്ഞിരുന്നതായും വെഞ്ഞാറമൂട്ടിൽ രണ്ട് സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പാർട്ടി സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിന്റെ കൊച്ചിയിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിൽ കോൺഗ്രസ് ഉന്നതനേതൃത്വത്തിന് പങ്കുണ്ട്. യു.ഡി.എഫിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെ സി.പി.എമ്മിലേക്കും ഡി.വൈഎഫ്.ഐയിലേക്കും ഒഴുകുന്നതിന് തടയിടാനുള്ള ലക്ഷ്യം കൂടി ഇരട്ടക്കൊലപാതകത്തിന് പിന്നിലുണ്ട്. കൊല നടക്കുന്നതറിഞ്ഞിട്ടും തടയാതിരുന്നതിന് എം.പിക്കെതിരെ കേസെടുക്കണം. കോൺഗ്രസുകാർ കൊലപ്പെടുത്തിയ യുവാക്കളെ ഗുണ്ടകളായി ചിത്രീകരിച്ച് അപമാനിക്കാനും കൊലപാതകത്തെ ന്യായീകരിക്കാനുമുള്ള നീചശ്രമമാണ് കെ.പി.സി.സി പ്രസിഡന്റടക്കമുള്ള നേതൃത്വത്തിന്റേത്. എന്നിട്ട് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി സ്വയം ചമയുന്നു.
കോൺഗ്രസ് ഓഫീസുകൾ
ആക്രമിക്കരുത്
കോൺഗ്രസിന്റെ അക്രമങ്ങളിൽ സി.പി.എം പ്രവർത്തകർ പ്രകോപിതരാവുകയോ ,പകരം ചോദിക്കാൻ പാർട്ടി ഓഫീസുകൾക്കും മറ്റും നേരെ അക്രമം നടത്തുകയോ ചെയ്യരുതെന്ന് കോടിയേരി പറഞ്ഞു.ഇത്തരം നടപടികളെ സി.പി.എം അംഗീകരിക്കുന്നില്ല.കോൺഗ്രസ് ഒരുക്കുന്ന കെണിയിൽ സി.പി.എം പ്രവർത്തകർ വീഴരുതെന്നും കോടിയേരി പറഞ്ഞു.
അപവാദ പ്രചാരണം അവസാനിപ്പിക്കണം: ചെന്നിത്തല
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കമുള്ളവർ അടൂർ പ്രകാശ് എം.പിക്കെതിരെ നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകൾക്ക് ശേഷം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചതിന്റെ പേരിൽ അദ്ദേഹത്തെ കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള സി.പി.എമ്മിന്റെ നീക്കത്തെ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി ചെറുക്കും. വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമല്ല. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നാണ് കോൺഗ്രസ് നിലപാട്. കായംകുളത്ത് നടന്ന കൊലപാതകവും കോൺഗ്രസിന്റെ തലയിൽ വച്ചുകെട്ടാൻ കോടിയേരി ബാലകൃഷ്ണൻ ശ്രമിച്ചു. ഇതെല്ലാം ഗ്യാംഗുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്. ഗുണ്ടകളെ പോറ്റി വളർത്തുന്നതും സംരക്ഷിക്കുന്നതും കോൺഗ്രസ് രീതിയില്ല. കോൺഗ്രസ് ഓഫീസുകളും രക്തസാക്ഷി സ്തൂപങ്ങളും വ്യാപകമായി തകർക്കപ്പെടുകയാണ്. ഇതിനെല്ലാം പൊലീസ് കൂട്ടുനിൽക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അടൂർ പ്രകാശ് നുണ പ്രചരിപ്പിക്കുന്നു: ഡി.കെ. മുരളി
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ പങ്കിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് അടൂർ പ്രകാശ് എം.പി നുണ പ്രചരിപ്പിക്കുന്നതെന്ന് ഡി.കെ. മുരളി എം.എൽ.എ ആരോപിച്ചു.
തന്റെ മകൻ ആരുമായി സംഘർഷമുണ്ടാക്കിയെന്ന് അടൂർ പ്രകാശ് വ്യക്തമാക്കണം. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് ഡി.കെ. മുരളിയുടെ മകനുമായുണ്ടായ തർക്കമാണെന്ന അടൂർ പ്രകാശിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കുടുംബാംഗങ്ങളെ ഉൾപ്പെടെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നുംമുരളി പറഞ്ഞു.