കൊച്ചി: ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷൻ എ.എസ്.ഐ ബാബു മാത്യുവിനെ അന്വേഷണവിധേയമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ സസ്പെൻഡ് ചെയ്തു. ബാബുവിനെതിരെ മുളന്തുരുത്തി പൊലീസ് കേസെടുത്തു. പരാതിക്കാരി മുളന്തുരുത്തി സ്വദേശിനിയാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തി. യുവതി പരാതി നൽകിയതറിഞ്ഞ് മെഡിക്കൽ അവധിയിൽ പ്രവേശിച്ച ബാബുവിന്റെ മൊഴി അടുത്തദിവസം രേഖപ്പെടുത്തുമെന്ന് മുളന്തുരുത്തി സി.ഐ. മുഹമ്മദ് നിസാർ പറഞ്ഞു. ഉദയംപേരൂർ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ അബ്കാരി കേസിലെ പ്രതികളെ പിടികൂടാതിരുന്നതിന് ബാബു സസ്പെൻഷനിലായിരുന്നു. ഇതിനുശേഷം അടുത്തിടെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചത്.