രണ്ടാഴ്ചയ്ക്കിടെ സ്ഥിരീകരിച്ചത് 1,664 പേർക്ക്
കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ 4,449 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,664 പേർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലാണ് രോഗ ബാധിതരായത്.
നേരത്തെ 133 ആയിരുന്നു ജില്ലയിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പോസിറ്റീവ് കേസുകളുടെ എണ്ണം. കഴിഞ്ഞ ആഴ്ചയിലിത് 176 ലേക്കും പിന്നീട് 234 ലേക്കും ഉയർന്നു. ഇപ്പോൾ കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ അന്യദേശങ്ങളിൽ നിന്നെത്തുന്നവർ പല ദിവസങ്ങളിലും പത്തിൽ താഴെയാണ്. എന്നാൽ കണ്ണി മുറിക്കാനാകാത്ത വിധം സമ്പർക്ക വ്യാപനം വർദ്ധിക്കുകയാണ്. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ കുടുംബാംഗങ്ങൾ, അടുത്ത സുഹൃത്തുക്കൾ, ഒരുമിച്ച് ജോലി ചെയ്യുന്നവർ ഇങ്ങനെ രോഗവ്യാപന ചങ്ങല നീളുകയാണ്. അതുകൊണ്ട് തന്നെ രോഗ വ്യാപന മേഖലകളിൽ ഒരു ദിവസം സ്ഥിരീകരിച്ചതിനേക്കാൾ ഏറെ ആളുകൾക്ക് തൊട്ടടുത്ത ദിവസം രോഗം കണ്ടെത്തുകയാണ്. ഇതാണിപ്പോൾ ഭീതിപ്പെടുത്തുന്നത്.
കൊല്ലം നഗരത്തിൽ അതിവ്യാപനം
കൊല്ലം നഗരത്തിൽ കൊവിഡ് നിയന്ത്രണാതീതമായി വ്യാപിക്കുകയാണ്. ശാസ്താംകോട്ടയിലും സമീപ പ്രദേശങ്ങളിലുമാണ് ജില്ലയിൽ ആദ്യമായി കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഞ്ചൽ, വെളിനെല്ലൂർ, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് എന്നിവിടങ്ങളിൽ വ്യാപകമായി പടർന്നു. ഇവിടങ്ങളിൽ സ്ഥിതി നിയന്ത്രണ വിധേയമായപ്പോഴാണ് കൊല്ലം നഗരത്തിൽ വ്യാപകമായി പടരുന്നത്.
ഉറവിടം തേടൽ ഉപേക്ഷിച്ചു
ഇപ്പോൾ പോസിറ്റീവാകുന്നവർക്ക് എവിടെ നിന്നാണ് രോഗം പടർന്നതെന്ന അന്വേഷണം കാര്യമായി നടക്കുന്നില്ല. രോഗം സ്ഥിരീകരിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കൽ മാത്രമാണുള്ളത്.
ഇതുവരെ കൊവിഡ് ബാധിച്ചത്: 4,449
രോഗമുക്തരായത്: 2,980
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ: 336
ജില്ലാ ആശുപത്രിയിൽ: 152
എട്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ: 865
നേരിടാൻ കുടുംബ ക്ലസ്റ്ററുകൾ
പത്ത് മുതൽ 15 വരെയുള്ള കുടുംബങ്ങളടങ്ങിയ ക്ലസ്റ്ററുകൾ രൂപീകരിച്ച് കൊവിഡ് വ്യാപനം തടയാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. സമ്പർക്കവും ഇടപെടലും പരമാവധി ക്ലസ്റ്റർ അംഗങ്ങളിൽ പരിമിതപ്പെടുത്തണം. ക്ലസ്റ്ററുകളുടെ നേതൃത്വത്തിൽ നിരന്തരം ബോധവത്കരണവും നടക്കും. രോഗവ്യാപന മേഖലയിലാണ് ക്ലസ്റ്റർ രൂപീകരണം പ്രധാനമായും നടക്കുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കാണ് ഓരോ ക്ലസ്റ്ററിന്റെയും ഏകോപന ചുമതല.
ഇതുവരെ രൂപീകരിച്ച ക്ലസ്റ്ററുകൾ: 1,434
ക്ലസ്റ്ററിലുള്ള ആകെ കുടുംബങ്ങൾ: 55,997
''
ഓണനാളുകളിൽ പരിശോധനയുടെ എണ്ണം കുറഞ്ഞതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞത്.
ആരോഗ്യവകുപ്പ് അധികൃതർ