മാനന്തവാടി:മാസ്ക് ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ പീച്ചങ്ങോട് സ്വദേശികളായ എം.ഇഖ്ബാൽ, കെ.കെ.ഷമീർ എന്നിവർ സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ നിൽക്കുമ്പോൾ തലപ്പുഴ സി.ഐ മാസ്ക് ശരിയായി ധരിച്ചില്ല എന്ന് പറഞ്ഞ് അധിക്ഷേപിച്ച് സംസാരിക്കുകയും ബലമായി സറ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തതായാണ് പരാതി.
ഇവരെ രാത്രി 12 മണി വരെ സറ്റേഷനിൽ നിർത്തി ക്രൂരമായ മർദ്ദനത്തിന് വിധേയരാക്കുകയും ചെയ്തു. വലത്തെ കണ്ണിനും മുഖത്തും സാരമായ പരിക്ക് പറ്റിയ ഇവർക്ക് ചികിത്സ നൽകാനും തയ്യാറായില്ല.
ഇവരെ വംശീയമായി അധിക്ഷേപിച്ചുവെന്നും കേരള പൊലീസിൽ വർദ്ധിച്ചുവരുന്നന്ന മുസ്ലീം വിരുദ്ധതയുടെ തെളിവാണ് ഇതെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പത്രസമ്മേളത്തിൽ പറഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ പ്രതിഷേധം ഉയരില്ലെന്ന ബോധ്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.
മനുഷ്യാവകാശ കമ്മീഷനും ഉന്നത അധികാരികൾക്കും ഇതു സംബന്ധിച്ച് പരാതി നൽകിയതായി അവർ പറഞ്ഞു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ്.മുനീർ, സഹീർ അബ്ബാസ്, എം.ടി.സജീർ എന്നിവർ പറഞ്ഞു.