തൃശൂർ: ഒന്നരവർഷക്കാലം നാഥനില്ലാതെ ചില കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വാക്കിലും പ്രവർത്തനത്തിലും പലവഴിക്ക് തിരിഞ്ഞപ്പോൾ മുതിർന്ന നേതാക്കൾ അവരുടെ ആവശ്യം കടുപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ അമരക്കാരൻ ഉടൻ ഉണ്ടാവണം.
മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരൻ അടക്കമുള്ളവരും കോൺഗ്രസ് നേതൃത്വത്തെ എതിർപ്പ് അറിയിച്ചു. ഐ ഗ്രൂപ്പിൽ തന്നെയുള്ള തർക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് പരിഹരിച്ചു. ഒടുവിൽ, കോൺഗ്രസിന് ആവേശം പകർന്ന് നേതൃപദവിയിലേക്ക്, മുമ്പ് പറഞ്ഞുകേട്ട വിൻസെൻ്റിനെ തന്നെ നിയോഗിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ അടുത്ത അനുയായി കൂടിയായ എം.പി വിൻസെൻ്റിൻ്റെ പേര് ആദ്യം തൊട്ടേ ഉയർന്നുവന്നിരുന്നുവെങ്കിലും ചരടുവലികൾക്കിടയിൽ കുടുങ്ങി.
ഐ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗവും പ്രസിഡൻ്റ് സ്ഥാനത്തിനായി പിടിവലി കൂടി. ഇതിനിടെ, എ ഗ്രൂപ്പും പ്രസിഡൻ്റിൻ്റെ കസേരയ്ക്കായി അവകാശവാദവുമായെത്തി. ഗ്രൂപ്പ് രാഷ്ട്രീയവും ഗ്രൂപ്പുകൾക്കുള്ളിലെ ചരടുവലികളുമെല്ലാം കലങ്ങി മറിഞ്ഞതോടെ ഡി.സി.സി. പ്രസിഡന്റ് പ്രഖ്യാപനം നീണ്ടു. മാസങ്ങൾക്ക് മുമ്പ് കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ വിൻസെൻ്റിനെ ഡി.സി.സി പ്രസിഡൻ്റായി നിയമിച്ചുവെന്ന് തീരുമാനമായി പുറത്തുവന്നെങ്കിലും പ്രഖ്യാപിച്ചില്ല. വിൻസെൻ്റ് വീണ്ടും കാത്തിരുന്നു. ടി.എൻ പ്രതാപൻ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡി.സി.സിയുടെ അദ്ധ്യക്ഷ പദവി ഒഴിയുകയായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ഒ. അബ്ദുറഹ്മാൻകുട്ടിക്കും പത്മജ വേണുഗോപാലിനും ഡി.സി.സിയുടെ താത്കാലിക ചുമതല നൽകി തർക്കങ്ങൾക്ക് താത്കാലികശമനം വരുത്തി. രണ്ട് പ്രസിഡന്റുമാരെ നിയമിച്ച രീതിയെ മുതിർന്ന നേതാക്കൾ തന്നെ വിമർശിച്ചു. എതിർപ്പറിയിച്ച് പലരും സജീവ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഒടുവിൽ അവർക്കെല്ലാം പ്രതീക്ഷ പകർന്ന് പ്രസിഡന്റിനെ നിയമിക്കുകയായിരുന്നു.
ഗ്രൂപ്പ് പോരിന് അന്ത്യമാകുമാേ ?
ഗ്രൂപ്പ് തർക്കങ്ങൾക്കും ചരടുവലികൾക്കും ശമനമുണ്ടായാൽ കോൺഗ്രസിനെ പിടിച്ചാൽ കിട്ടില്ലെന്ന് കരുതുന്നവരാണ് പ്രവർത്തകർ. എന്നാൽ പോയകാലങ്ങളിലെല്ലാം നേതാക്കളുടെ ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പ് സമയത്തും ശക്തമാവുന്ന കാഴ്ചയാണ്. ഉറപ്പിച്ച പല സീറ്റുകളും നഷ്ടപ്പെട്ടത് അങ്ങനെയാണ്. എന്നാൽ വിൻസെൻ്റിനെ നിയോഗിച്ചതിലൂടെ തമ്മിലടിക്കും പടലപ്പിണക്കത്തിനും അറുതി ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വവും കണക്കുകൂട്ടുന്നത്. പാർട്ടിയെ നിലനിറുത്തണമെങ്കിൽ കഠിനാദ്ധ്വാനം വേണമെന്നും ഭിന്ന സ്വരങ്ങളുണ്ടാവുമ്പോൾ പ്രകടിപ്പിക്കേണ്ട വേദികളിൽ അഭിപ്രായം പറയണമെന്നും സ്ഥാനാരോഹണച്ചടങ്ങിൽ ടി.എൻ. പ്രതാപൻ പറഞ്ഞതും ഇത് മനസിൽ കണ്ടു കൊണ്ടാകണം. തീരുമാനമെടുത്താൽ എല്ലാവരും ഒന്നിച്ചു പോകണമെന്നും അതാണ് കോൺഗ്രസിന്റെ ശൈലിയെന്നും കോൺഗ്രസിൽ ഗ്രൂപ്പ് യാഥാർത്ഥ്യമാണെന്നും വ്യക്തമാക്കി പ്രതാപൻ പറഞ്ഞു.
ചുമതലയേറ്റ് എം.പി വിൻസെന്റ്
തൃശൂർ: ഡി.സി.സി പ്രസിഡന്റായി മുൻ എം.എൽ.എ എം.പി വിൻസെന്റ് ചുമതലയേറ്റു. രാവിലെ ലീഡർ സ്മൃതിയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ കെ. കരുണാകരൻ സപ്തതി മന്ദിരത്തിലെത്തിയാണ് ചുമതലയേൽക്കൽ. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കൂടിയായ ടി.എൻ പ്രതാപൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ തുടക്കമാണ് ഇതെന്നും ഭാരിച്ച ഉത്തരവാദിത്വമാണ് വിൻസെന്റിനെ കാത്തിരിക്കുന്നതെന്നും പ്രതാപൻ പറഞ്ഞു.
ഇന്നലെ വരെയുള്ള വിൻസെന്റിനെയല്ല ഇനി വേണ്ടത്. കോൺഗ്രസിൽ ഗ്രൂപ്പ് യാഥാർത്ഥ്യമാണെന്നും. അതില്ലാതെ കഴിയില്ലെന്നും പറഞ്ഞ പ്രതാപൻ, പക്ഷേ, എല്ലാവരെയും ഒന്നിച്ച് കൂട്ടിക്കൊണ്ടു പോവാൻ കഴിയണമെന്ന് വിൻസെന്റിനെ ഓർമ്മിപ്പിച്ചു. ഒ. അബ്ദുറഹിമാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, അനിൽ അക്കര എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, മുൻ മന്ത്രി കെ.പി വിശ്വനാഥൻ, രമ്യ ഹരിദാസ് എം.പി, പി.എ മാധവൻ, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരി, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ജോസ് വള്ളൂർ, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, ഐ.പി.പോൾ, നിജി ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.
ആള് കൂടി , പൊലീസ് കേസ്
ചുമതലയേൽക്കൽ ചടങ്ങിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചതിന് ഡി.സി.സി ഭാരവാഹികൾക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. നൂറോളം പേരാണ് പങ്കെടുത്തത്. അമ്പത് പേരെ മാത്രമാണ് ക്ഷണിച്ചതെന്നും മറ്റുള്ളവർ തങ്ങളുടെ അറിവോടെയല്ല എത്തിയതെന്നുമാണ് ഡി.സി.സി നേതൃത്വം പറയുന്നത്.