വിതുര: വിനോദസഞ്ചാരികളുടെ പറുദീസയായ പൊന്മുടിയിൽ ആളനക്കമില്ലാതായിട്ട് ആറു മാസമാകുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാർച്ച് മാസം പകുതിയോടെയാണ് പൊന്മുടി അടച്ചത്. ഇതു നിമിത്തം വനംവകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. കഴിഞ്ഞ വർഷം ഓണം നാളുകളിൽ പൊന്മുടിയിൽ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. ഓണം നാളുകളിൽ രണ്ട് ലക്ഷത്തിൽ പരം പേർ പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയിരുന്നു. വനം വകുപ്പിന് പത്തു ലക്ഷതോളം രൂപ വരുമാനവും ലഭിച്ചിരുന്നു. വൻ തിരക്ക് അനുഭവപ്പെട്ടതുമൂലം കല്ലാറിൽ വച്ച് സഞ്ചാരികളെ നിയന്ത്രിക്കുകയും, മടക്കി അയക്കുകയും ചെയ്തിരുന്നു. കൊവിഡിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതറിയാതെ ഇപ്പോഴും സഞ്ചാരികൾ പൊന്മുടി സന്ദർശിക്കുന്നതിനായി കല്ലാർ വരെ എത്തുന്നുണ്ട്. ഗോൾഡൻവാലി ചെക്പോസ്റ്റിൽ തടഞ്ഞു ഇവരെ മടക്കി അയക്കുകയാണ് പതിവ്. നിരോധനം മറികടന്നു പൊന്മുടിയിലേക്ക് കടക്കാൻ ശ്രമിച്ച നാല് പേരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
മൂടൽ മഞ്ഞിൽ മുങ്ങി മാമല
പൊന്മുടിയിപ്പോൾ മൂടൽ മഞ്ഞിൽ മുങ്ങി കുളിച്ചു കിടക്കുകയാണ്. ഉച്ച കഴിഞ്ഞാൽ കോട മഞ്ഞ് നിറയും. ഇടയ്ക്കിടക്ക് കുളിർകാറ്റും, ചാറ്റൽ മഴയും പെയ്യും. മണിക്കൂറുകളോളം മഞ്ഞ് മൂടി കിടക്കുന്നതു മൂലം പരസ്പരം കാണാൻ കഴിയാത്ത സ്ഥിതിയുമാണ്. ആളനക്കമില്ലാതെ വന്നതോടെ കാട്ടു മൃഗങ്ങളുടെ സാന്നിദ്ധ്യവും സജീവമായി. ആനയും കാട്ടുപോത്തും, മാനും, കേഴയുമൊക്കെ പതിവായി എത്താറുണ്ടെന്ന് പൊന്മുടി നിവാസികൾ പറയുന്നു.
സഞ്ചാരികൾ ഒഴുകി
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിതുര മേഖലയിലെ മറ്റു ടൂറിസം കേന്ദ്രങ്ങളിൽ അനേകം പേർ ഓണം ആഘോഷിക്കാൻ എത്തി. ഇരു ചക്രവാഹനങ്ങളിൽ യുവാക്കളാണ് കൂടുതൽ എത്തിയത്. കല്ലാർ, ആനപ്പാറ, പേപ്പാറ, ബോണക്കാട്, ചാത്തൻകോട്, മീൻമുട്ടി, പൊടിയക്കാല, ചീറ്റിപ്പാറ മേഖലകളിലാണ് സഞ്ചാരികൾ വന്നത്. തിരക്ക് വർദ്ധിച്ചതോടെ പൊലിസ് ഇവരെ മടക്കി അയച്ചു. കല്ലാർ നദിയിലും, മീൻമുട്ടി വെള്ളച്ചാട്ടം സന്ദർശിക്കാനും നിരവധി പേർ എത്തിയിരുന്നു.