ആദ്യ കപ്പൽ 22ന് പുറപ്പെടും
26 ന് മാലദ്വീപിലെത്തും
പ്രതിമാസം മൂന്നു സർവീസുകൾ
കയറ്റിറക്കുമതി മേഖലയിൽ സാദ്ധ്യത
കൊച്ചി : കൊച്ചിയിൽ നിന്ന് മാലദ്വീപിലേക്ക് ചരക്കു കപ്പൽ സർവീസ് ഈമാസം 20 ന് ആരംഭിക്കും. 20 ന് തൂത്തുക്കുടിയിൽ നിന്ന് പുറപ്പെടുന്ന കപ്പൽ 22 ന് കൊച്ചിയിൽ വന്ന് ചരക്കെടുത്ത് അന്ന് തന്നെ മടങ്ങി 26 ന് മാലിയിലെത്തും. ഒക്ടോബർ ഒന്നിന് മാലദ്വീപിൽ നിന്ന് മടങ്ങും.
ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്ക്കാണ് കപ്പൽ സർവീസിന്റെ ചുമതല. കൊച്ചിക്ക് പുറമെ തൂത്തുക്കുടിയിൽ നിന്നും സർവീസ് നടത്തും. എല്ലാ മാസവും രണ്ടോ മൂന്നോ സർവീസുകൾ ഉണ്ടാകും. നോർത്ത് മാലദ്വീപിലെ കുൽദുഫുഷി ദ്വീപിലും കപ്പൽ അടുപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച തുടരുകയാണ്.
ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അമിത് നാരംഗാണ് പുതിയ സർവീസ് പ്രഖ്യാപിച്ചത്. രണ്ടു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങൾക്ക് സർവീസിന്റെ പ്രയോജനം ലഭിക്കും.
ഇന്ത്യ - മാലദ്വീപ് ഫെറി സർവീസിനുള്ള ധാരണാപത്രം 2019 ൽ ഒപ്പുവച്ചിരുന്നു. കയറ്റിറക്കുമതി ബന്ധം ശക്തിപ്പെടുത്തുന്നതിന് മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ നിർദേശപ്രകാരം ഫിക്കി സാദ്ധ്യതാപഠനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കപ്പൽ സർവീസ്.
കണ്ടെയ്നർ കം ബൾക്ക് കപ്പലാണ് കന്നിയാത്ര നടത്തുകയെന്ന് ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യ സി.എം.ഡി എച്ച്.കെ ജോഷി അറിയിച്ചു. 10 മുതൽ 12 ദിവസം വരെയാണ് മാലിദ്വീപലേക്കും തിരിച്ചുമുള്ള യാത്രക്ക് കണക്കാക്കുന്നത്. ഇലക്ട്രിക്കൽ മെഷീനറി, ഫർണീച്ചർ, ടോയ്ലറ്റ് ഫിറ്റിംഗ്സ്, ഫാർമസ്യൂട്ടിക്കൽസ്, ഇരുമ്പുരുക്ക് നിർമ്മാണ സാമഗ്രികൾ, ഹോം അപ്ലയൻസസ്, പഴം പച്ചക്കറി അടക്കമുള്ള ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ മാലിദ്വീപിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കും. 3,000 ടൺ വസ്തുക്കളും 200 ടി.ഇ. കണ്ടെയ്നറുകളും കയറ്റാവുന്നതാണ് കപ്പൽ.
സുപ്രധാന കാൽവയ്പ്പ്
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സാമ്പത്തികവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് സുപ്രധാന കാൽവയ്പാണ് ചരക്കു കപ്പർ സർവീസ്.
അമിത് നാരംഗ്
ജോയിന്റ് സെക്രട്ടറി
കേന്ദ്ര വിദേശകാര്യ മന്ത്രാലയം
കേരളത്തിന് ഗുണകരം
കൊച്ചിയിൽ നിന്ന് മാലദ്വീപിലേക്കും തിരിച്ചും പുതിയ കയറ്റുമതി, ഇറക്കുമതി സാദ്ധ്യത തുറക്കുന്നത് കേരളത്തിന്റെ വാണിജ്യ മേഖലക്ക് ഏറെ ഗുണകരമാകും.
ഡോ. എം ബീന
ചെയർപേഴ്സൺ
കൊച്ചിൻ പോർട്ട് ട്രസ്റ്റ്
ബന്ധം ശക്തമാക്കും
അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പുകളുടെ ഭാഗമാണ് കപ്പൽ സർവീസ്.
സുൻജയ് സുധീർ
ഇന്ത്യൻ ഹൈക്കമ്മിഷണർ
മാലദ്വീപ്