കോട്ടയം: ലോകത്തിലെ മികച്ച സർവകലാശാലകളെ കണ്ടെത്തുന്നതിനുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ലോക സർവകലാശാല റാങ്കിംഗിൽ ഇടംപിടിച്ച് മഹാത്മാഗാന്ധി സർവകലാശാല. ഇന്ത്യയിൽ നിന്ന് റാങ്കിംഗിൽ ഉൾപ്പെട്ട 63 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യ 800 റാങ്കിനുള്ളിൽ ഇടംപിടിച്ച ദക്ഷിണേന്ത്യയിലെ ഏക സർവകലാശാലയാണ് എം.ജി. വിവിധ ഐ.ഐ.ടി.കൾക്കും ഡൽഹി, ജാമിയ മിലിയ, ജെ.എൻ.യു., ബനാറസ് ഹിന്ദു സർവകലാശാലക എന്നിവക്കൊപ്പമാണ് എം.ജി.യുടെ സ്ഥാനം. ഗവേഷണം, അദ്ധ്യാപനം, അറിവ് പങ്കുവയ്ക്കൽ, രാജ്യാന്തര വീക്ഷണം, രാജ്യാന്തര നിലവാരം തുടങ്ങി 13 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയാറാക്കിയിട്ടുള്ളത്. 92 രാജ്യങ്ങളിൽനിന്നായി 1527 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയാണ് ടൈംസ് തയാറാക്കിയത്. കേരള സർവകലാശാലയും കുസാറ്റും 1000 പ്ലസ് റാങ്കിംഗിൽ ഇടംനേടി.
മറ്റു നേട്ടങ്ങൾ
അടൽ റാങ്കിംഗ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്മെന്റ്സ് സർക്കാർ, എയ്ഡഡ് സർവകലാശാലകളുടെ ഗണത്തിൽ ആദ്യ 25 റാങ്കിനുള്ളിൽ
രാജ്യത്തെ പ്രമുഖ ഐ.ഐ.ടി.കളോടടക്കം മത്സരിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ 30ാം സ്ഥാനം
യു.ജി.സി. നടപ്പാക്കിയ സ്കീം ഫോർ ട്രാൻസ് ഡിസിപ്ലിനറി റിസർച്ച് ഫോർ ഇന്ത്യാസ് ഡെവലപിംഗ് ഇക്കണോമി (സ്ട്രൈഡ്) പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സർവകലാശാലയിലെ ഗവേഷണരംഗത്തെ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 50 കോടി രൂപയുടെ റൂസ ഫണ്ട് അനുവദിച്ചു.
സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്ക് ഗവർണർ ഏർപ്പെടുത്തിയ 'ചാൻസലേഴ്സ് അവാർഡ്' 2015-16ലും 2017-18ലും നേടി.
2019 ലെ ഇന്ത്യാടുഡേ എം.ഡി.ആർ.എ. റാങ്കിംഗിൽ രാജ്യത്തെ മികച്ച സർവകലാശാലകളിൽ ആറാമതായി എം.ജി.യെ തെരഞ്ഞെടുത്തിരുന്നു.
എച്ച്.ആർ.ഡി. റാങ്കിംഗിൽ 34ാം സ്ഥാനം നേടിയ എം.ജി. നാക് പോയിന്റിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിട്ടുനിൽക്കുന്ന സർവകലാശാലയാണ്.
സർവകലാശാലയുടേത് അഭിമാനകരമായ നേട്ടമാണ്. സിൻഡിക്കേറ്റ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരുടെ കൂട്ടായ യത്നത്തിന്റെ ഫലമാണ് സർവകലാശാലയുടെ രാജ്യാന്തര നിലവാരത്തിലേക്കുള്ള വളർച്ച.
പ്രൊഫ. സാബു തോമസ്, വൈസ് ചാൻസലർ