പാലോട്: വിരുന്നുകാർക്ക് കാഴ്ചകളുടെയും അനുഭവങ്ങളുടെയും വസന്തമൊരുക്കി കാത്തിരുന്ന മലയോര ടൂറിസം ലോക്ക് ഡൗണിൽ നിശ്ചലം. വനം വകുപ്പിന്റെ പെരിങ്ങമ്മല മങ്കയം ഇക്കോ ടൂറിസവും വൈദ്യുതി വകുപ്പിന്റെ മീൻമുട്ടി ഹൈഡൽ ടൂറിസത്തിനുമാണ് ഇത്തരത്തിൽ ആശയറ്റത്. മങ്കയം, ബ്രൈമൂർ, ഇടിഞ്ഞാർ മേഖലകളെ ഒന്നിപ്പിച്ചുള്ളതാണ് ഇക്കോ ടൂറിസം പദ്ധതി.
പ്രകൃതിയുടെ മാറിലെ വെള്ളി മാലപോലെ കുതിച്ചെത്തുന്ന മങ്കയം വെള്ളച്ചാട്ടത്തിൽ ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് സഞ്ചാരികൾ കൂടുതലായെത്തുന്നത്. ഗൈഡായി 180 ദിവസ വേതനക്കാരാണ് ഇവിടെയുള്ളത്. പക്ഷേ കൊവിഡിൽ ടൂറിസം കലങ്ങിയതോടെ ഇവരുടെ ജീവിതവും ഇരുട്ടിലായി.
ലോക്ക് ഡൗൺ കാരണം മങ്കയത്ത് നിരോധനം പൂർണമായി നിരോധിച്ചിരിക്കുകകയാണ്. ഇതോടെ മേഖലയെ ആശ്രയിച്ചിരുന്ന ചെറിയ കടകളുടെ നടത്തിപ്പുകാരും ദുരിതത്തിലായി.
കലങ്ങിയ മീൻമുട്ടി
ലോക്ക് ഡൗണിൽ ആളനക്കം നിലച്ച നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീൻമുട്ടി ഹെെഡൽ ടൂറിസം പദ്ധതിയും സഞ്ചാരികളെ കാത്തിരിക്കുകയാണ്. വൈദ്യുതി ബോർഡിന്റെ ചെറുകിട വൈദ്യുതി പദ്ധതി പ്രദേശത്തോടനുബന്ധിച്ചുള്ളതാണ് പദ്ധതി. നാല് പെഡസ്ട്രൽ ബോട്ടും ഒരു എഞ്ചിൻ ബോട്ടുമടക്കം ഇവിടെ ഒരുക്കിയിട്ടുണ്ട്. 45 ലക്ഷം രൂപയാണ് സർക്കാർ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്.
ലോക്ക് ഡൗൺ കാരണം ഇവിടേക്കുള്ള പ്രവേശവനവും സർക്കാർ നിഷേധിച്ചിരുന്നു. വരും ദിവസങ്ങളിൽ ലോക്ക് ഡൗൺ ഇളവുകൾ മലയോര ടൂറിസത്തിന് ഉണർവേകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.