കണ്ണൂർ: ബിഹാറിലെ പാട്ന ജില്ലക്കാരനായ ശങ്കറിനും ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ രംഗയ്ക്കും ബംഗാൾ മാൽഡയിലെ അലാവുദ്ദീനും എങ്ങോട്ടു പോകണമെന്നറിയില്ല. വിവിധ സർക്കസ് കമ്പനികളിലെ ജോക്കറുകളാണ് ഇവർ. കൊവിഡ് കാലമായതോടെ സഹപ്രവർത്തകരായ മറ്റുസർക്കസ് കലാകാരന്മാരെല്ലാം തമ്പുവിട്ട് മറ്റു ജോലികളിൽ ചേക്കേറിയപ്പോൾ കോട്ടക്കലിൽ കഴിയുകയാണിവർ. ചിരിപ്പിക്കാൻ മാത്രം അറിയുന്ന ഇവരെ ആർക്കും വേണ്ട.
മൂന്നര അടി പൊക്കം മാത്രമുള്ള ഇവർക്ക് എന്ത് ജോലി ചെയ്യാൻ കഴിയും. ആകെ അറിയുന്ന ജോലി കോമാളി വേഷം കെട്ടി കാണികളെ ചിരിപ്പിക്കുക മാത്രമാണ് . കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടിയ അമ്പതോളം ജോക്കറുമാരാണ് ഇപ്പോൾ വേഷമില്ലാതെ അലയുന്നത്. സംസ്ഥാനത്തെ പ്രമുഖ സർക്കസ് കമ്പനികളുടെ രണ്ട് ക്യാമ്പുകൾ മലപ്പുറത്തും കായംകുളത്തുമായി അടഞ്ഞു കിടക്കുകയാണ്. ഇതിൽ ബാക്കിയായത് ഈ കോമാളികൾ മാത്രമാണ്. മറ്റു പലരും പുതിയ മേച്ചിൽപുറങ്ങൾ തേടി പോയപ്പോഴും ഇവർക്ക് പോകാൻ ഇടമില്ല. വീടുകളിലേക്ക് പോയാൽ എന്തുജോലി ചെയ്ത് ജീവിക്കുമെന്നതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം.
45 വയസ്സുള്ള ശങ്കർ ഇരുപതാമത്തെ വയസ്സിലാണ് തമ്പിലെത്തിയത്. ബിഹാറിലെ ചകന്യ ചപ്ര ജില്ലക്കാരനായ 73 കാരൻ ചൗധരി പതിമൂന്നാം വയസ്സിലാണ് സർക്കസിൽ ചേർന്നത്. അമ്പതു കഴിഞ്ഞ രംഗ മുപ്പതു വർഷമായി സർക്കസിന്റെ ഭാഗമാണ്. കാണികളെ ചിരിപ്പിച്ചാൽ കിട്ടുന്ന തുക കൊണ്ടാണ് ഇവർ കണ്ണീരില്ലാതെ കഴിഞ്ഞിരുന്നത്.
എത്ര സമയം ജോലി ചെയ്യാനും ഇവർക്ക് മടിയില്ല. എന്നാൽ ജോലി മറന്നു പോകാതിരിക്കാൻ ഇടക്കിടെ കോമാളി വേഷം കെട്ടി മുഖത്ത് മേയ്ക്കപ്പിട്ട് ഇവർ പര്സപരം വെടിപറഞ്ഞിരിക്കും. കാലാവസ്ഥ നോക്കിയാണ് സർക്കസ് ക്യാമ്പുകൾ ഒരിടത്ത് നിന്നു മറ്റൊരിടത്തേക്ക് പറിച്ചു നട്ടിരുന്നത്. അതുകൊണ്ട് ഏത് പ്രതികൂല കാലാവസ്ഥയിലും ഇവർക്ക് ജോലിയുണ്ടായിരുന്നു.
ഇന്നുവരെ ഇത്ര വലിയ ഇടവേളയില്ലായിരുന്നു. നാട്ടിൽ പോയാലും എന്ത് ജോലി ചെയ്യും. നമ്മളെ ആർക്കും വേണ്ടല്ലോ. ആകെ അറിയാവുന്നത് കോമാളി ജോലി മാത്രമാണ്
ശങ്കർ